പീഡനക്കേസ് പ്രതിക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയതിനെ എതിര്‍ത്തു; യുപിയില്‍ കോണ്‍ഗ്രസ് വനിതാ നേതാവിന് മര്‍ദ്ദനം

ഉപതെരഞ്ഞടുപ്പില് പീഡനക്കേസ് പ്രതിക്ക് ടിക്കറ്റ് നല്കിയതില് പ്രതിഷേധിച്ച കോണ്ഗ്രസ് വനിതാ നേതാവിന് മര്ദ്ദനം
 | 
പീഡനക്കേസ് പ്രതിക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയതിനെ എതിര്‍ത്തു; യുപിയില്‍ കോണ്‍ഗ്രസ് വനിതാ നേതാവിന് മര്‍ദ്ദനം

ലഖ്‌നൗ: ഉപതെരഞ്ഞടുപ്പില്‍ പീഡനക്കേസ് പ്രതിക്ക് ടിക്കറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് വനിതാ നേതാവിന് മര്‍ദ്ദനം. താര ദേവി യാദവ് എന്ന വനിതാ നേതാവിനെയാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിലുള്ള പുരുഷന്‍മാര്‍ മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 5 മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ദിയോറിയ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട മുകുന്ദ് ഭാസ്‌കര്‍ സിങ് എന്നയാള്‍ക്കെതിരെയാണ് ഇവര്‍ രംഗത്തെത്തിയത്.

ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ധര്‍മേന്ദ്ര സിങ്, വൈസ് പ്രസിഡന്റ് അജയ് സിങ് എന്നിവര്‍ ഉള്‍പ്പെടെ നാലു പേര്‍ ചേര്‍ന്നാണ് ഇവരെ മര്‍ദ്ദിച്ചത്. മറ്റു രണ്ടു പേര്‍ ചേര്‍ന്ന് താരാ ദേവിയെ രക്ഷപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. പാര്‍ട്ടി ദേശീയ സെക്രട്ടറി സച്ചിന്‍ നായകിന് നേരെ ഇവര്‍ ബൊക്കെ എറിഞ്ഞതായും ആരോപണമുണ്ട്. ഇതോടെയാണ് ഇവര്‍ ആക്രമിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ താന്‍ ആരെയും ആക്രമിച്ചിട്ടില്ലെന്നും പാര്‍ട്ടി തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു.

ഒരു വശത്ത് പാര്‍ട്ടി നേതാക്കള്‍ ഹാഥ്‌റസ് പെണ്‍കുട്ടിക്ക് നീതിക്ക് വേണ്ടി പോരാടുന്നു. അതിനൊപ്പം പീഡനക്കേസ് പ്രതിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നല്‍കുകയാണ്. ഇത് തെറ്റായ തീരുമാനമാണെന്ന് താര ദേവി വ്യക്തമാക്കി. ഈ തീരുമാനം പാര്‍ട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയവര്‍ക്കെതിരെ അവര്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

വീഡിയോ കാണാം