കോവിഡ് മരുന്നിനായി പതഞ്ജലി നടത്തിയത് തട്ടിപ്പ്; ലൈസന്‍സ് അപേക്ഷയില്‍ കൊറോണയെന്ന് പറഞ്ഞിരുന്നില്ലെന്ന് ഉത്തരാഖണ്ഡ്

കോവിഡ് ചികിത്സക്ക് ഫലപ്രദമെന്ന് അവകാശപ്പെട്ട് പുറത്തിറക്കിയ മരുന്നിന് ലൈസന്സ് സമ്പാദിക്കാന് പതഞ്ജലി നടത്തിയത് തട്ടിപ്പ്.
 | 
കോവിഡ് മരുന്നിനായി പതഞ്ജലി നടത്തിയത് തട്ടിപ്പ്; ലൈസന്‍സ് അപേക്ഷയില്‍ കൊറോണയെന്ന് പറഞ്ഞിരുന്നില്ലെന്ന് ഉത്തരാഖണ്ഡ്

കോവിഡ് ചികിത്സക്ക് ഫലപ്രദമെന്ന് അവകാശപ്പെട്ട് പുറത്തിറക്കിയ മരുന്നിന് ലൈസന്‍സ് സമ്പാദിക്കാന്‍ പതഞ്ജലി നടത്തിയത് തട്ടിപ്പ്. ലൈസന്‍സിനായി നല്‍കിയ അപേക്ഷയില്‍ കൊറോണയെക്കുറിച്ച് പ്രതിപാദിച്ചിരുന്നില്ലെന്ന് ഉത്തരാഖണ്ഡ് ആയുര്‍വേദ വകുപ്പ്. ചുമയ്ക്കും പനിക്കും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുമുള്ള മരുന്നിനാണ് തങ്ങള്‍ ലൈസന്‍സ് അനുവദിച്ചതെന്ന് ആയുര്‍വേദ വകുപ്പ് ലൈസന്‍സ് ഓഫീസര്‍ പറഞ്ഞുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് മരുന്ന് കിറ്റ് തയ്യാറാക്കാന്‍ എങ്ങനെയാണ് അനുമതി ലഭിച്ചതെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് പതഞ്ജലിക്ക് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡില്‍ നിന്നാണ് പതഞ്ജലി മരുന്നിനായി അനുമതി വാങ്ങിയിരുന്നത്.

7 ദിവസത്തില്‍ കോവിഡ് ചികിത്സിച്ച് ഭേദമാക്കുന്ന മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ടാണ് പതഞ്ജലി ഇന്നലെ മരുന്ന് പുറത്തിറക്കിയത്. കൊറോണില്‍ ആന്‍ഡ് സ്വാസരി എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന മരുന്ന് ഇന്ത്യയില്‍ 280 രോഗികളില്‍ പരീക്ഷിച്ചിട്ടുണ്ടെന്നാണ് പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവ് പറഞ്ഞത്. രാഗികളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 100 ശതമാനം ഫലപ്രദമായിരുന്നുവെന്നും ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി (നിംസ് യുണിവേഴ്‌സിറ്റി) സഹകരിച്ചാണ് മരുന്നിനായുള്ള ഗവേഷണങ്ങള്‍ നടന്നതെന്നും രാംദേവ് പറയുന്നു. മരുന്നിന്റെ പരീക്ഷണം നടത്താനുള്ള അനുമതി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് എടുത്തിട്ടുണ്ടായിരുന്നുവെന്നും രാംദേവ് അവകാശപ്പെട്ടു.

അതേസമയം പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മരുന്നിനെ കുറിച്ചുള്ള പരസ്യങ്ങള്‍ നിര്‍ത്തണമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. മരുന്നിന്റെ ഗുണഫലങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കാതെ അത് വില്‍ക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. നിങ്ങള്‍ മരുന്ന് കണ്ടുപിടിച്ചെങ്കില്‍ അത് നല്ല കാര്യമാണ്. പക്ഷേ അത് മന്ത്രാലയത്തിന് മുന്നിലാണ് ആദ്യം എത്തേണ്ടതെന്നും കമ്പനിക്ക് നിയമാനുസൃതം മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നും ആയുഷ് മന്ത്രി ശ്രീപദ് നായിക് പറഞ്ഞിരുന്നു.