പിഎം കെയേഴ്‌സ് ഫണ്ട് സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

കോവിഡ് പശ്ചാത്തലത്തില് ധനസമാഹരണം ലക്ഷ്യമിട്ട് രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ട് സര്ക്കാര് നിയന്ത്രണത്തിലുള്ളതല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്.
 | 
പിഎം കെയേഴ്‌സ് ഫണ്ട് സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

കോവിഡ് പശ്ചാത്തലത്തില്‍ ധനസമാഹരണം ലക്ഷ്യമിട്ട് രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ട് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. വിവരാവകാശ നിയമം അനുസരിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഫണ്ടിന്റെ രൂപീകരണത്തെക്കുറിച്ചും രേഖകള്‍ സംബന്ധിച്ചുമായിരുന്നു ഹര്‍ഷ എന്ന നിയമ വിദ്യാര്‍ത്ഥി വിവരാവകാശ നിയമം അനുസരിച്ച് ചോദ്യം ഉന്നയിച്ചത്.

2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 2 (h)ന്റെ പരിധിയില്‍ വരുന്ന ഒന്നല്ല പിഎം കെയേഴ്‌സ് എന്നും ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ അതിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മറുപടി നല്‍കിയത്. എന്നാല്‍ ട്രസ്റ്റിന്റെ രൂപീകരണം സംബന്ധിച്ചുള്ള ഉത്തരവുകളോ അറിയിപ്പുകളോ ട്രസ്റ്റിന്റെ രേഖകളോ സൈറ്റില്‍ നല്‍കിയിട്ടില്ല.

ഫണ്ട് പബ്ലിക് അതോറിറ്റിയല്ല എന്നാണ് മറുപടിയില്‍ വ്യക്തമാക്കുന്നത്. പബ്ലിക് അതോറിറ്റി എന്നാല്‍ ഭരണഘടനാപരമായോ പാര്‍ലമെന്റിനാലോ രൂപീകരിക്കപ്പെട്ട സ്ഥാപനം എന്നാണ് അര്‍ത്ഥമാക്കുന്നത്. സര്‍ക്കാരിന് നേരിട്ട് നിയന്ത്രണമുള്ളതോ സാമ്പത്തിക സഹായം നല്‍കുന്നതോ ആയ സ്ഥാപനങ്ങളെയും നേരിട്ടോ അല്ലാതെയോ സര്‍ക്കാര്‍ ഫണ്ടിനാല്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും പബ്ലിക് അതോറിറ്റി എന്ന് വിളിക്കാമെന്നും വിവരാവകാശ നിയമം പറയുന്നു.

അങ്ങനെയാണെങ്കില്‍ പിഎം കെയേഴ്‌സ് ഫണ്ട് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉള്ളതല്ലെന്ന് വ്യക്തമാക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് എന്ന് ഹര്‍ഷ പറയുന്നു. എങ്കില്‍ ആരാണ് ഇതിനെ നിയന്ത്രിക്കുന്നതെന്ന് ഹര്‍ഷ ചോദിക്കുന്നു. പേര്, ട്രസ്റ്റിന്റെ രൂപവല്‍ക്കരണം, നിയന്ത്രണം, എംബ്ലത്തിന്റെ ഉപയോഗം, വെബ്‌സൈറ്റിന്റെ സര്‍ക്കാര്‍ ഡൊമെയിന്‍ തുടങ്ങിയവ ഫണ്ടില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നുണ്ട്.

ഇതിനെയെല്ലാം വിവരാവകാശ ചോദ്യത്തിന് നല്‍കിയ മറുപടിയിലൂടെ നിഷേധിക്കുന്നത് സര്‍ക്കാര്‍ ചില കാര്യങ്ങള്‍ രഹസ്യമാക്കാന്‍ ശ്രമിക്കുന്നതിന്റെ സൂചനയാണ്. സുതാര്യതയില്ലായ്മയാണ് ഇതിലൂടെ വെളിവാകുന്നത്. ഈ ഫണ്ട് പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ഫണ്ട് ദുരുപയോഗം ചെയ്യില്ല എന്നതിന് ഉറപ്പില്ലെന്നും ഹര്‍ഷ വ്യക്തമാക്കി.

രാജ്യത്തെ നാല് ക്യാബിനറ്റ് മന്ത്രിമാരുടെ പേരില്‍ രൂപീകരിച്ച ഫണ്ടിന് പബ്ലിക് അതോറിറ്റി സ്റ്റാറ്റസ് ഇല്ലെന്ന് പറയുന്നത് സുതാര്യതയ്ക്ക് ഏല്‍ക്കുന്ന പ്രഹരമാണെന്നും ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് ഇനി പറയരുതെന്നും ഹര്‍ഷ പറഞ്ഞു. പിഎം കെയേഴ്‌സ് ഫണ്ട് തങ്ങളുടെ ഓഡിറ്റ് പരിധിയില്‍ വരില്ലെന്ന് നേരത്തേ സിഎജി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.