ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍; മാധ്യമങ്ങളോട് സംസാരിച്ച ബന്ധുവിനെ പോലീസ് ഭയപ്പെടുത്തി ഓടിച്ചു

കൂട്ടബലാല്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്രാസ് പെണ്കുട്ടിയുടെ കുടുംബത്തിന് മേലുള്ള പോലീസ് നിയന്ത്രണം തുടരുന്നു.
 | 
ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍; മാധ്യമങ്ങളോട് സംസാരിച്ച ബന്ധുവിനെ പോലീസ് ഭയപ്പെടുത്തി ഓടിച്ചു

കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് മേലുള്ള പോലീസ് നിയന്ത്രണം തുടരുന്നു. വീടിന് പരിസരത്ത് ശക്തമായ പോലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് ബന്ധുക്കളെ വിലക്കിയിരിക്കുകയാണ്. പോലീസിന്റെ കണ്ണുവെട്ടിച്ച് മാധ്യമങ്ങളോട് സംസാരിച്ച ബന്ധുവായ 15കാരനെ പോലീസ് ഭയപ്പെടുത്തി ഓടിച്ചു. മാസ്‌ക് വലിച്ചൂരി ആളെ തിരിച്ചറിഞ്ഞ ശേഷം പോലീസ് ഇയാളെ പിടിച്ച് തള്ളുകയായിരുന്നു. കുട്ടി പാടത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇതിന് ശേഷം വനിതാ മാധ്യമപ്രവര്‍ത്തക ഉള്‍പ്പെടെ രണ്ട് മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. തങ്ങള്‍ക്ക് പോലീസില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമാണ് നേരിടേണ്ടി വരുന്നതെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുട സഹോദരന്‍ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വീട് പോലീസ് നിയന്ത്രണത്തിലാണെന്നും ബന്ധുക്കള്‍ക്ക് വീട്ടിലേക്ക് വരാനോ ആര്‍ക്കും പുറത്തേക്ക് പോകാനോ സാധിക്കുന്നില്ല. തങ്ങളുടെ ഫോണുകള്‍ പിടിച്ചെടുത്തിരിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു.

പ്രദേശത്ത് മാധ്യമങ്ങള്‍ക്ക് വിലക്ക് തുടരുകയാണ്. ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മാധ്യമങ്ങള്‍ നാളെ പോകും, ഇവിടെ ഞങ്ങള്‍ മാത്രമേ കാണൂ എന്നാണ് കളക്ടര്‍ പിതാവിനോട് പറഞ്ഞത്. പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്ന് പോലീസ് എഡിജിപി ഇന്നലെ പറഞ്ഞിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ പുരുഷബീജത്തിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എഡിജിപി പറഞ്ഞത്. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ അനുമതിയില്ലാതെ പോലീസ് അര്‍ദ്ധരാത്രി കത്തിച്ചതും വിവാദമായിരുന്നു.