തൂത്തുക്കുടി കസ്റ്റഡി കൊലക്കേസില്‍ പ്രതിയായ പോലീസുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു

തൂത്തുക്കുടി സാത്താന്കുളം പോലീസ് സ്റ്റേഷനില് നടന്ന കസ്റ്റഡി മരണക്കേസില് പ്രതിയായ പോലീസുകാരന് കോവിഡ് ബാധിച്ച് മരിച്ചു.
 | 
തൂത്തുക്കുടി കസ്റ്റഡി കൊലക്കേസില്‍ പ്രതിയായ പോലീസുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു

തൂത്തുക്കുടി: തൂത്തുക്കുടി സാത്താന്‍കുളം പോലീസ് സ്‌റ്റേഷനില്‍ നടന്ന കസ്റ്റഡി മരണക്കേസില്‍ പ്രതിയായ പോലീസുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ പോള്‍ ദുരൈ ആണ് മരിച്ചത്. സിബിഐ അന്വേഷിക്കുന്ന കേസില്‍ മധുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്.

ജൂലൈ 24നാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പ്രമേഹത്തിനും ഹൃദ്രോഗത്തിനും ചികിത്സയിലായിരുന്ന പോള്‍ ദുരൈയെ ഇതോടെ മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ചയോടെ ആരോഗ്യനില വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

മര്‍ദ്ദനത്തില്‍ മരിച്ച ജയരാജിനെ ലോക്ക് ഡൗണ്‍ സമയത്ത് മൊബൈല്‍ ഷോപ്പ് അടയ്ക്കാന്‍ 5 മിനിറ്റ് താമസിച്ചുവെന്ന കാരണത്തിന് കസ്റ്റഡിയില്‍ എടുത്തത് സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടറായ പോള്‍ ദുരൈയുടെ നേതൃത്വത്തില്‍ ആയിരുന്നു. 10 പോലീസുകാരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.

പിന്നീട് ജയരാജിനെ അന്വേഷിച്ച് സ്റ്റേഷനില്‍ എത്തിയ ബെന്നിക്‌സിനെയും കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആന്തരികാവയവങ്ങളിലും തലയ്ക്കും ഗുരുതരമായി പരിക്കേറ്റാണ് ഇരുവരും മരിച്ചത്.