റേറ്റിംഗ് തട്ടിപ്പ്; റിപ്പബ്ലിക് ടിവി ഉന്നതന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം; അക്കൗണ്ടുകളില്‍ ഫോറന്‍സിക് ഓഡിറ്റിംഗ്

ചാനല് റേറ്റിംഗില് തട്ടിപ്പ് നടത്തിയ സംഭവത്തില് റിപ്പബ്ലിക് ടിവി ഉന്നതന് ഇന്ന് പോലീസിന് മുന്നില് ഹാജരാകണം.
 | 
റേറ്റിംഗ് തട്ടിപ്പ്; റിപ്പബ്ലിക് ടിവി ഉന്നതന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം; അക്കൗണ്ടുകളില്‍ ഫോറന്‍സിക് ഓഡിറ്റിംഗ്

മുംബൈ: ചാനല്‍ റേറ്റിംഗില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ റിപ്പബ്ലിക് ടിവി ഉന്നതന്‍ ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകണം. ചാനല്‍ സിഎഫ്ഒ ശിവ സുബ്രഹ്മണ്യം സുന്ദരത്തിനാണ് പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പോലീസ് ചോദ്യം ചെയ്യുന്ന റിപ്പബ്ലിക് ടിവിയുടെ ആദ്യ ഉന്നതനാണ് ഇദ്ദേഹം. അര്‍ണാബ് ഗോസ്വാമിയെയും പോലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. ആരോപണ വിധേയരായ മറ്റു രണ്ട് ചാനലുകളിലെയും പരസ്യ ഏജന്‍സികളിലെയും അക്കൗണ്ടന്റുമാരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.

റിപ്പബ്ലിക് ടിവിയുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഫോറന്‍സിക് ഓഡിറ്റിംഗ് നടത്തുമെന്നാണ് മുംബൈ പോലീസ് അറിയിച്ചിരിക്കുന്നത്. റേറ്റിംഗ് തട്ടിപ്പിലൂടെ കൂടുതല്‍ പണം പരസ്യദാതാക്കളില്‍ നിന്ന് ഈടാക്കിയതായി തെളിഞ്ഞാല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന ആളെന്ന നിലയിലാണ് ശിവ സുബ്രഹ്മണ്യം സുന്ദരത്തെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.

രണ്ട് ചാനല്‍ ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം കേസെടുത്തതില്‍ മുംബൈ പോലീസിനെതിരെ അര്‍ണാബ് ഗോസ്വാമി രംഗത്തെത്തി. സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിലെ അന്വേഷണം സംബന്ധിച്ച് തങ്ങള്‍ നല്‍കിയ വാര്‍ത്തകളില്‍ പ്രതികാരം ചെയ്യുകയാണ് പോലീസ് എന്നാണ് ഗോസ്വാമി വാദിക്കുന്നത്. മുംബൈ കമ്മീഷണര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അര്‍ണാബ് ഗോസ്വാമി പറഞ്ഞു.