ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ വിലക്കി സൗദി അറേബ്യ

ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകള്ക്ക് വിലക്കേര്പ്പെടുത്തി സൗദി അറേബ്യ.
 | 
ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ വിലക്കി സൗദി അറേബ്യ

റിയാദ്: ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സൗദിയുടെ നടപടി. വന്ദേഭാരത് മിഷന്‍ ഉള്‍പ്പെടെയുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ബാധകമാണ്. ഇന്ത്യക്ക് പുറമേ ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലേക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഇതു സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.

ഇന്ത്യയുള്‍പ്പെടെ വിലക്ക് ബാധകമായ രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചവരെ സൗദിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഉത്തരവിലൂടെ വിലക്കിയിരിക്കുകയാണ്. വിലക്ക് എത്ര ദിവസത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. വിലക്ക് വ്യാഴാഴ്ച നിലവില്‍ വരും. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ ഉയര്‍ന്ന നിരക്കാണ് സൗദിയുടെ നടപടിക്ക് കാരണമെന്ന് എയര്‍ഇന്ത്യ വിലയിരുത്തുന്നു. ഇത് മാതൃകയാക്കി മറ്റു രാജ്യങ്ങളും സമാന വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്നാണ് കരുതുന്നത്.

നിലവില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ രാജ്യന്തര വിമാന സര്‍വീസുകള്‍ നടക്കുന്നില്ല. എയര്‍ ഇന്ത്യ വിമാനങ്ങള്‍ നടത്തുന്ന വന്ദേഭാരത് മിഷന്‍ സര്‍വീസുകളും എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നിവ നടത്തുന്ന ചാര്‍ട്ടര്‍ സര്‍വീസുകളും മാത്രമാണ് നടക്കുന്നത്.