ഹാഥ്‌റസ് സംഭവം ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ യുപി സര്‍ക്കാരിന് നിര്‍ദേശം

ഹാഥ്റസ് കൂട്ടബലാല്സംഗം ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി.
 | 
ഹാഥ്‌റസ് സംഭവം ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ യുപി സര്‍ക്കാരിന് നിര്‍ദേശം

ന്യൂഡല്‍ഹി: ഹാഥ്‌റസ് കൂട്ടബലാല്‍സംഗം ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി. അസാധാരണ സംഭവമാണ് നടന്നത്. മൂന്നു കാര്യങ്ങളില്‍ യുപി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടു. ഇതിനായി സംസ്ഥാനത്തിന് നോട്ടീസ് അയക്കും. സാക്ഷികളായ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ സംരക്ഷണം ഉറപ്പു വരുത്തണമെന്നും കുടുംബത്തെ സഹായിക്കാന്‍ അഭിഭാഷകരെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കോടതി പറഞ്ഞു.

സുപ്രീം കോടതിയെ സമീപിക്കുന്നതിന്റെ സാധ്യതകള്‍ കൂടി ഉള്‍പ്പെടുത്തി സത്യവാങ്മൂലം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ഹാഥ്‌റസ് കേസ് കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് കാട്ടി സാമൂഹ്യപ്രവര്‍ത്തകരായ സത്യമാ ദുബേ, അഭിഭാഷകരായ രുദ്രപ്രതാപ്, വിശാല്‍ താക്കറേ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതിയുടെ നടപടി. പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ദ്ധരാത്രി സംസ്‌കരിച്ചത് പ്രതിഷേധങ്ങള്‍ ഒഴിവാക്കാനായിരുന്നുവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

അടുത്ത ദിവസം പ്രതിഷേധങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാകുമായിരുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായും യുപി സര്‍ക്കാര്‍ അറിയിച്ചു.