ഉത്തര്‍പ്രദേശില്‍ യുഎപിഎ ചുമത്തിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ റിമാന്‍ഡ് ചെയ്തു

ഹാഥ്റസിലേക്കുള്ള യാത്രാമധ്യേ യുപി പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ റിമാന്ഡ് ചെയ്തു.
 | 
ഉത്തര്‍പ്രദേശില്‍ യുഎപിഎ ചുമത്തിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ റിമാന്‍ഡ് ചെയ്തു

ഹാഥ്‌റസിലേക്കുള്ള യാത്രാമധ്യേ യുപി പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. സിദ്ദിഖിനൊപ്പമുണ്ടായിരുന്ന മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്. അഴിമുഖം ലേഖകനും കെയുഡബ്ല്യുജെ ഡല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പനെയും മൂന്നു പേരെയും കഴിഞ്ഞ ദിവസമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്കെതിരെ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ ഇവര്‍ പോപ്പുലര്‍ ഫ്രണ്ടുമായി ക്യാമ്പസ് ഫ്രണ്ടുമായും ബന്ധമുള്ളവരാണെന്ന് പറഞ്ഞുവെന്നും ഞാന്‍ ഇന്ത്യയുടെ മകള്‍ അല്ല എന്ന തലക്കെട്ടിലുള്ള ലഘുലേഖ ഇവരില്‍ നിന്ന് കണ്ടെത്തിയെന്നുമാണ് പോലീസ് പറയുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് അവകാശപ്പെട്ടത്. മുന്‍കരുതലിന്റെ ഭാഗമായി നടന്ന അറസ്റ്റ് എന്ന് പറഞ്ഞ പോലീസ് പെട്ടെന്ന് ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയായിരുന്നു.

മതവിദ്വേഷം പടര്‍ത്തിയെന്നും ഭീകരപ്രവര്‍ത്തനത്തിന് ധനസമാഹരണം നടത്തിയെന്നുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. അറസ്റ്റിലായ നാലുപേര്‍ വെബ്‌സൈറ്റിലൂടെ കലാപത്തിന് ആഹ്വാനം നല്‍കിയെന്നും പോലീസ് പറയുന്നു.