വെറ്ററിനറി ഡോക്ടറുടെ കൊലപാതകം; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

വെറ്ററിനറി ഡോക്ടറായ 26കാരിയെ ബലാല്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ചുട്ടെരിച്ച സംഭവത്തില് പോലീസുകാര്ക്ക് സസ്പെന്ഷന്.
 | 
വെറ്ററിനറി ഡോക്ടറുടെ കൊലപാതകം; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറായ 26കാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ചുട്ടെരിച്ച സംഭവത്തില്‍ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മൂന്ന് പോലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. യുവതിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ താമസം വരുത്തിയതിനാണ് നടപടി.

സബ് ഇന്‍സ്പെക്ടര്‍ രവി കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വേണു ഗോപാല്‍, സത്യനാരായണ ഗൗഡ് എന്നിവരാണ് സസ്‌പെന്‍ഷനിലായത്. ഇവര്‍ക്കെതിരെ അന്വേഷണം നടത്തിയതിന് ശേഷമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ബുധനാഴ്ച രാത്രി കാണാതായ വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കണ്ടെത്തിയത്.

ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഷംഷാബാദിലെ ടോള്‍ബൂത്തില്‍ തന്റെ ഇരുചക്രവാഹനം പാര്‍ക്ക് ചെയ്ത ശേഷം ടാക്‌സിയില്‍ ത്വക്കുരോഗ വിദഗ്ദ്ധനെ കാണാന്‍ ഇവര്‍ പോയിരുന്നു. തിരികെ എത്തിയപ്പോള്‍ ടൂവീലറിന്റെ ടയര്‍ പഞ്ചറായിരുന്നു. ഇക്കാര്യം തന്റെ സഹോദരിയെ അവര്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. ഇതിനിടയില്‍ ചിലര്‍ വാഹനം ശരിയാക്കാന്‍ സഹായിക്കാമെന്ന് ഇവരുടെ അടുത്തെത്തി.

ട്രക്കുകളും മറ്റും നിര്‍ത്തിയിട്ട സ്ഥലത്താണ് താനുള്ളതെന്നും അപരിചിതരായ ചിലര്‍ അടുത്തുണ്ടെന്നും ഭീതിയോടെ ഡോക്ടര്‍ പറഞ്ഞിരുന്നു. കുറച്ചുകഴിഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. പിന്നീടാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ബലാല്‍സംഗം ചെയ്ത ശേഷം കത്തിച്ചതാണെന്നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍മാരായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്തകുന്ദ ചെന്നകേശവുലു, മുഹമ്മദ് ആരിഫ് എന്നിവരെഅറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.