സെനഗലില്‍ പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യയില്‍ എത്തിച്ചു

സെനഗലില് പിടിയിലായ കുപ്രസിദ്ധ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യയില് എത്തിച്ചു
 | 
സെനഗലില്‍ പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യയില്‍ എത്തിച്ചു

ന്യൂഡല്‍ഹി: സെനഗലില്‍ പിടിയിലായ കുപ്രസിദ്ധ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യയില്‍ എത്തിച്ചു. ഇന്നലെ രാത്രിയാണ് ഇയാളെ ബംഗളൂരുവില്‍ എത്തിച്ചത്. 1990കളില്‍ മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ ഛോട്ടാ രാജന്‍ സംഘത്തിലെ പ്രമുഖനായിരുന്നു. 200ഓളം കേസുകളാണ് ഇയാള്‍ക്കെതിരെ ഇന്ത്യയിലുള്ളത്. നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ വെടിവെപ്പ് ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

കഴിഞ്ഞ വര്‍ഷം സെനഗലില്‍ അറസ്റ്റിലായ ഇയാള്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയിരുന്നു. സൗത്ത് ആഫ്രിക്കയിലേക്ക് കടന്ന ഇയാളെ സെനഗല്‍ പോലീസും റോയും ചേര്‍ന്നാണ് പിടികൂടിയത്. കര്‍ണാടക പോലീസിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് രവി പൂജാരിയെ എത്തിച്ച സംഘത്തില്‍ ഉണ്ടായിരുന്നത്.

15 വര്‍ഷമായി പിടികിട്ടാപ്പുള്ളിയായിരുന്ന പൂജാരിക്കെതിരെ കൊലക്കേസുകള്‍ ഉള്‍പ്പെടെ 90 കേസുകള്‍ കര്‍ണാടകയില്‍ മാത്രമുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി മറ്റു നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. സെനഗലില്‍ അറസ്റ്റിലാകുമ്പോള്‍ ആന്തണി ഫെര്‍ണാണ്ടസ് എന്ന പേരില്‍ ബുര്‍ക്കിനോ ഫാസോയുടെ പാസ്‌പോര്‍ട്ട് ആയിരുന്നു ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്.