ഉന്നാവ് പ്രതിഷേധം; ഡല്‍ഹിയില്‍ ആറ് വയസുകാരിയുടെ മേല്‍ അമ്മ പെട്രോള്‍ ഒഴിച്ചു

ഉന്നാവ് പെണ്കുട്ടിയെ ബലാല്സംഗക്കേസിലെ പ്രതികള് ചുട്ടുകൊന്ന സംഭവത്തില് വന് പ്രതിഷേധം.
 | 
ഉന്നാവ് പ്രതിഷേധം; ഡല്‍ഹിയില്‍ ആറ് വയസുകാരിയുടെ മേല്‍ അമ്മ പെട്രോള്‍ ഒഴിച്ചു

ന്യൂഡല്‍ഹി: ഉന്നാവ് പെണ്‍കുട്ടിയെ ബലാല്‍സംഗക്കേസിലെ പ്രതികള്‍ ചുട്ടുകൊന്ന സംഭവത്തില്‍ വന്‍ പ്രതിഷേധം. ആറ് വയസുകാരിയായ മകളുടെ മേല്‍ പെട്രോള്‍ ഒഴിച്ചാണ് ഒരു അമ്മ പ്രതിഷേധിച്ചത്. പെണ്‍കുഞ്ഞിനെയും കൊണ്ട് എങ്ങനെ ജീവിക്കും എന്ന് ചോദിച്ചു കൊണ്ടായിരുന്നു അമ്മ പ്രതിഷേധിച്ചത്. സംഭവത്തില്‍ അമ്മയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിക്ക് അടിയന്തര ചികിത്സ നല്‍കി.

ഇന്നലെ രാത്രിയാണ് ഉന്നാവ് സംഭവത്തില്‍ ഇരയായ പെണ്‍കുട്ടി മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലായിരുന്നു പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്. പെണ്‍കുട്ടി മരിച്ചതിനെത്തുടര്‍ന്ന് പ്രദേശത്തെ ഏതാനും സ്ത്രീകളാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്.

ചികിത്സയിലായിരുന്ന പെണ്‍കുട്ടി വെള്ളിയാഴ്ച രാത്രി 11.40 ഓടെയാണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമുണ്ടായതെന്ന് സഫ്ദര്‍ജങ് ആശുപത്രി അറിയിച്ചു. 11.10 നാണ് പെണ്‍കുട്ടിക്ക് ഹൃദയാഘാതമുണ്ടായത്. വിവാഹ വാഗ്ദാനം നല്‍കിയ ആള്‍ കൂട്ടുകാരനുമൊത്ത് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി പരാതി നല്‍കിയത്.

കേസിന്റെ വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകാന്‍ തുടങ്ങവേ വ്യാഴാഴ്ച രാവിലെയാണ് പ്രതികളടക്കം അഞ്ചു പേര്‍ ചേര്‍ന്നു തീ കൊളുത്തിയത്. അതീവ ഗുരുതരവസ്ഥയിലായ പെണ്‍കുട്ടിയെ ലക്‌നൗവിലെ ആശുപത്രിയില്‍ നിന്ന് ഡല്‍ഹിയിലേക്കു മാറ്റുകയായിരുന്നു.