അയോധ്യ കേസിന്റെ വാദത്തിനിടെ നാടകീയ രംഗങ്ങള്‍; ഹിന്ദു മഹാസഭ ഹാജരാക്കിയ രേഖകള്‍ വലിച്ചുകീറി രാജീവ് ധവാന്‍

അയോധ്യ കേസിന്റെ വാദത്തിനിടെ സുപ്രീം കോടതിയില് നാടകീയ രംഗങ്ങള്.
 | 
അയോധ്യ കേസിന്റെ വാദത്തിനിടെ നാടകീയ രംഗങ്ങള്‍; ഹിന്ദു മഹാസഭ ഹാജരാക്കിയ രേഖകള്‍ വലിച്ചുകീറി രാജീവ് ധവാന്‍

ന്യൂഡല്‍ഹി: അയോധ്യ കേസിന്റെ വാദത്തിനിടെ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. ഹിന്ദു മഹാസഭ ഹാജരാക്കിയ പുസ്തകങ്ങളും മാപ്പുകളും രേഖകളും സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ വലിച്ചു കീറി. രാമജന്മഭൂമിയുടെ സ്ഥാനം അടയാളപ്പെടുത്തിയതെന്ന് അവകാശപ്പെട്ടാണ് ഹിന്ദു മഹാസഭ മാപ്പുകള്‍ ഹാജരാക്കിയത്.

അടുത്ത കാലത്ത് എഴുതപ്പെട്ട ഈ പുസ്തകങ്ങള്‍ എങ്ങനെ തെളിവായി സ്വീകരിക്കാന്‍ കഴിയുമെന്ന് കോടതിയോട് ചോദിച്ചു കൊണ്ടായിരുന്നു രാജീവ് ധവാന്‍ ഇവ വലിച്ചു കീറിയത്. എന്നാല്‍ കോടതിയുടെ സമയം പാഴക്കരുതെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിങ്ങള്‍ ഇങ്ങനെ തുടങ്ങിയാല്‍ ഞങ്ങള്‍ എഴുന്നേറ്റ് പോകുമെന്ന് അറിയിച്ചു. വൈകിട്ട് 5 മണിക്കുള്ളില്‍ തന്നെ വാദങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഹിന്ദു മഹാസഭയ്ക്ക് വേണ്ടി ഹാജരായ വികാസ് സിങ്ങാണ് കുനാല്‍ കിഷോറിന്റെ അയോധ്യ റീവിസിറ്റഡ് എന്ന പുസ്തകം ഹാജരാക്കിയത്. ഇതിനെ എതിര്‍ത്തു കൊണ്ട് എഴുന്നേറ്റ രാജീവ് ധവാന്‍ അടുത്ത കാലത്ത് എഴുതപ്പെട്ട പുസ്തകത്തില്‍ എന്ത് തെളിവാണ് ഉള്ളതെന്ന് ചോദിച്ചു. ഇതൊക്കെ വലിച്ച് കീറിക്കളയണമെന്നും ധവാന്‍ പറഞ്ഞു.

എങ്കില്‍ കീറൂ എന്ന് ചീപ് ജസ്റ്റിസ് പറഞ്ഞതോടെയാണ് ധവാന്‍ പുസ്തകം വലിച്ച് കീറിയത്. ഇതിനെതിരെ പ്രതികരിച്ച ചീഫ് ജസ്റ്റിസ് പ്രതിഷേധങ്ങളും എതിര്‍പ്പും അറിയിക്കുന്നത് കോടതിയുടെ മാന്യതയ്ക്കും മര്യാദയ്ക്കും നിരക്കുന്ന നിലയ്ക്കല്ലെന്ന വിമര്‍ശനവും ഉന്നയിച്ചു.