എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യസഭ ബഹിഷ്‌കരിക്കും; നിലപാട് വ്യക്തമാക്കി പ്രതിപക്ഷം

എട്ട് എംപിമാരുടെ സസ്പെന്ഷന് പിന്വലിച്ചില്ലെങ്കില് രാജ്യസഭാ നടപടികള് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം.
 | 
എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യസഭ ബഹിഷ്‌കരിക്കും; നിലപാട് വ്യക്തമാക്കി പ്രതിപക്ഷം

ന്യൂഡല്‍ഹി: എട്ട് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യസഭാ നടപടികള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം. കോണ്‍ഗ്രസ് അംഗം ഗുലാം നബി ആസാദ് ആണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ കര്‍ഷകരില്‍ നിന്ന് കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കാന്‍ പ്രത്യേക ബില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി2 സ്വാമിനാഥന്‍ ഫോര്‍മുല അനുസരിച്ച് താങ്ങുവില പുതുക്കണമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

കാര്‍ഷിക ബില്ലില്‍ ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് കെ.കെ. രാഗേഷ്, എളമരം കരീം തുടങ്ങിയവര്‍ ഉള്‍പ്പെടെ 8 പ്രതിപക്ഷം എംപിമാരെ ഇന്നലെ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു സസ്‌പെന്‍ഡ് ചെയ്തത്. വി.മുരളീധരന്‍ ആണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചെങ്കിലും എംപിമാര്‍ സഭ വിട്ടു പോകാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ഇന്നലെ സഭ നിര്‍ത്തി വെച്ചിരുന്നു.

പിന്നീട് പാര്‍ലമെന്റ് വളപ്പില്‍ സസ്‌പെന്‍ഷനിലായ എംപിമാര്‍ നടത്തുന്ന ഉപവാസ സമരം തുടരുകയാണ്. രാത്രിയും എംപിമാര്‍ ഇവിടെത്തന്നെയാണ് കഴിഞ്ഞത്. ഇന്ന് രാവിലെ എംപിമാര്‍ക്ക് ചായയുമായി രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് സിങ് എത്തിയെങ്കിലും എംപിമാര്‍ നിരസിച്ചു. എംപിമാര്‍ തന്നെ സഭയില്‍ ആക്രമിക്കുകയായിരുന്നുവെന്നു അതില്‍ പ്രതിഷേധിച്ച് താനും ഒരു ദിവസം ഉപവാസം അനുഷ്ഠിക്കുകയാണെന്നും ഹരിവംശ് അറിയിച്ചു.