ട്രംപിന്റെ പരാമര്‍ശം; അണുനാശിനികള്‍ കുടിക്കരുതെന്ന നിര്‍ദേശവുമായി കമ്പനികള്‍

കൊറോണ വൈറസിനെ നശിപ്പിക്കാന് അണുനാശിനികള് കുത്തിവെക്കാനുള്ള സാധ്യത തേടണമെന്ന ട്രംപിന്റെ പരാമര്ശത്തിന് പിന്നാലെ മുന്നറിയിപ്പുമായി അണുനാശിനി കമ്പനികള്.
 | 
ട്രംപിന്റെ പരാമര്‍ശം; അണുനാശിനികള്‍ കുടിക്കരുതെന്ന നിര്‍ദേശവുമായി കമ്പനികള്‍

ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെ നശിപ്പിക്കാന്‍ അണുനാശിനികള്‍ കുത്തിവെക്കാനുള്ള സാധ്യത തേടണമെന്ന ട്രംപിന്റെ പരാമര്‍ശത്തിന് പിന്നാലെ മുന്നറിയിപ്പുമായി അണുനാശിനി കമ്പനികള്‍. തങ്ങളുടെ അണുനാശിനികള്‍ കുടിക്കരുതെന്ന് ഡെറ്റോളും ലൈസോളും ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറഞ്ഞു. നിലവിലുള്ള പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയിലെ നിഗമനങ്ങളും കണ്ട് അണുനാശിനികള്‍ കുടിക്കരുതെന്നും അത് അപകടകരമാണെന്നും ലൈസോള്‍ നിര്‍മാതാക്കള്‍ അറിയിച്ചു.

ഒരു സാഹചര്യത്തിലും തങ്ങളുടെ അണുനാശിനികള്‍ മനുഷ്യ ശരീരത്തിനുള്ളിലേക്ക് നല്‍കരുതെന്നാണ് കമ്പനി അറിയിച്ചത്. നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമേ ഇവ ഉപയോഗിക്കാവൂ എന്നും നിര്‍മാതാക്കള്‍ നിര്‍ദേശിക്കുന്നു. അണുനാശിനികള്‍ക്ക് ഒരു മിനിറ്റിനുള്ളില്‍ വൈറസിനെ നശിപ്പിക്കാന്‍ കഴിയും. അങ്ങനെയെങ്കില്‍ അവ ശരീരത്തില്‍ കുത്തിവെച്ച് ശരീരം ശുചിയാക്കിയെടുക്കാന്‍ കഴിയുമെന്നും അത് വളരെ രസകരമായിരിക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

പ്രസ്താവന ലോകമൊട്ടാകെ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയതോടെ താന്‍ തമാശ പറഞ്ഞതാണെന്ന വിശദീകരണവുമായി അമേരിക്കന്‍ പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ പ്രതികരണം എന്തായിരിക്കും എന്ന് അറിയുന്നതിനായി തമാശരൂപത്തില്‍ പറഞ്ഞതാണ് അതെന്ന് പിന്നീട് വൈറ്റ് ഹൗസില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.