കൊറോണ മനുഷ്യ നിര്‍മിതമാണെന്ന് എച്ച്‌ഐവി കണ്ടെത്തിയ വൈറോളജിസ്റ്റ്

കൊറോണ വൈറസ് മനുഷ്യ നിര്മിതമെന്ന് നൊബേല് ജേതാവായ വൈറോളജിസ്റ്റ്.
 | 
കൊറോണ മനുഷ്യ നിര്‍മിതമാണെന്ന് എച്ച്‌ഐവി കണ്ടെത്തിയ വൈറോളജിസ്റ്റ്

പാരീസ്: കൊറോണ വൈറസ് മനുഷ്യ നിര്‍മിതമെന്ന് നൊബേല്‍ ജേതാവായ വൈറോളജിസ്റ്റ്. ഫ്രഞ്ച് വൈറോളജിസ്റ്റും എച്ച്‌ഐവികണ്ടെത്തിയ സംഘത്തില്‍ അംഗവും നൊബേല്‍ നേടിയയാളുമായ ലൂച്ച് മൊണ്ടാഗ്‌നിയര്‍ ആണ് ഈ വാദവുമായി രംഗത്തെത്തിയത്. ഒരു ഫ്രഞ്ച് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മൊണ്ടാഗ്നിയര്‍ ഈ ആരോപണം ഉന്നയിച്ചത്. ചൈനീസ് ലബോറട്ടറിയില്‍ എച്ച്‌ഐവി വാക്‌സിന്‍ നിര്‍മിക്കാനുള്ള ശ്രമത്തിനിടെയാണ് കൊറോണ ഉണ്ടായതെന്നാണ് ഇദ്ദേഹം വാദിക്കുന്നത്.

കൊറോണ വൈറസിന്റെ ജീനോമില്‍ എച്ച്ഐവി, മലേറിയ വൈറസുകളുടെ ഘടകങ്ങളുടെ സാന്നിധ്യം സംശയാസ്പദമാണെന്നും വൈറസിന്റെ സ്വഭാവ സവിശേഷതകള്‍ സ്വാഭാവികമായി ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. വുഹാന്‍ നാഷണല്‍ ബയോസേഫ്റ്റി ലാബിലുണ്ടായ അപകടമായിരിക്കാം കോവിഡ് ബാധയ്ക്ക് കാരണമായതെന്നും ഈ ലബോറട്ടറി 2000 മുതല്‍ കൊറോണ വൈറസ് സംബന്ധിച്ചുള്ള പഠനങ്ങള്‍ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷണശാലയില്‍ നിന്ന് വൈറസ് രക്ഷപ്പെട്ടതാണോ എന്ന വിഷയത്തില്‍ അമേരിക്ക അന്വേഷണത്തിന് ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഈ വെളിപ്പെടുത്തല്‍. എന്നാല്‍ മൊണ്ടാഗ്നിയറുടെ ചില നിഗമനങ്ങള്‍ നേരത്തേ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.