ഒരിക്കല്‍ കോവിഡ് ബാധിച്ചാല്‍ ശരീരത്തിന് പ്രതിരോധശേഷി ലഭിക്കില്ല; വീണ്ടും വന്നാല്‍ മാരകമാകാമെന്ന് പഠനം

ഒരിക്കല് രോഗം ബാധിച്ചാല് ശരീരത്തിന് പ്രതിരോധശേഷി ഉണ്ടാകുന്ന രോഗമല്ല കോവിഡ്-19 എന്ന് പഠനം
 | 
ഒരിക്കല്‍ കോവിഡ് ബാധിച്ചാല്‍ ശരീരത്തിന് പ്രതിരോധശേഷി ലഭിക്കില്ല; വീണ്ടും വന്നാല്‍ മാരകമാകാമെന്ന് പഠനം

പാരീസ്: ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ശരീരത്തിന് പ്രതിരോധശേഷി ഉണ്ടാകുന്ന രോഗമല്ല കോവിഡ്-19 എന്ന് പഠനം. രോഗം ബാധിച്ചവര്‍ക്ക് വീണ്ടും രോഗമുണ്ടാകാനുള്ള സാധ്യതയുണ്ട്. രണ്ടാം തവണ രോഗം ബാധിച്ചാല്‍ അത് കൂടുതല്‍ മാരകമാകുമെന്നും മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു. അമേരിക്കയില്‍ കോവിഡ് വീണ്ടും വന്നവരെക്കുറിച്ചാണ് പഠനം. വൈറസ് ഒരു തവണ ബാധിച്ചാല്‍ ആര്‍ജ്ജിത പ്രതിരോധം ശരീരത്തിന് ഉണ്ടകുമെന്നത് തെറ്റിദ്ധാരണയാണെന്ന് പഠനം വ്യക്തമാക്കുന്നു.

നെവാദ സ്വദേശിയായ 25കാരനാണ് കോവിഡ് രണ്ടാമതും ബാധിച്ചതായി കണ്ടെത്തിയ ആദ്യ അമേരിക്കക്കാരന്‍. രോഗം ഭേദമായി 48 ദിവസത്തിന് ശേഷമായിരുന്നു രണ്ടാം വരവ്. അത് കൂടുതല്‍ ഗുരുതരമായിരുന്നുവെന്നും ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായം ഉള്‍പ്പെടെ നല്‍കേണ്ടി വന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ലോകത്ത് മറ്റു പലയിടങ്ങളിലും വീണ്ടും കോവിഡ് ബാധിതരാകുന്നവരുടെ എണ്ണം പെരുകുകയാണെന്ന് പഠനത്തില്‍ വ്യക്തമായി. ഇന്ത്യയിലും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ഐസിഎംആര്‍ സ്ഥിരീകരിച്ചിരുന്നു.

മഹാമാരിക്കെതിരായ യുദ്ധത്തിന് കൊറോണ വൈറസിന്റെ ഈ സ്വഭാവം കനത്ത ആഘാതമാണ് ഏല്‍പിക്കുന്നത്. കോവിഡ് വാക്‌സിന്‍ തയ്യാറാക്കാനുള്ള പരീക്ഷണങ്ങള്‍ ലോകമെമ്പാടും പുരോഗമിക്കുകയാണ്. അതിനെപ്പോലും ബാധിച്ചേക്കാവുന്ന കണ്ടുപിടിത്തമാണ് ഇത്. കോവിഡിനോട് ശരീരം ആര്‍ജ്ജിക്കുന്ന പ്രതിരോധം എത്ര സമയം നിലനില്‍ക്കുമെന്ന് കണ്ടെത്തണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. രോഗങ്ങളോട് ശരീരത്തിന് പ്രതിരോധം ആര്‍ജ്ജിക്കാന്‍ ചില പാതോജനുകളെ ആന്റിബോഡികളുമായി കൂട്ടിച്ചേര്‍ത്താണ് വാക്‌സിനുകളില്‍ നല്‍കുന്നത്. എന്നാല്‍ കൊറോണ വൈറസിന്റെ പ്രത്യേക സ്വഭാവം മൂലം വാക്‌സിന്‍ തയ്യാറാക്കലും വൈകുകയാണ്.