ടിക് ടോക്കിന് അമേരിക്കയിലും നിരോധനം വന്നേക്കും; സൂചന നല്‍കി ട്രംപ്

ഇന്ത്യയെ പിന്തുടര്ന്ന് ടിക് ടോക്കിന് അമേരിക്കയും വിലക്കേര്പ്പെടുത്താന് ഒരുങ്ങുന്നതായി സൂചന.
 | 
ടിക് ടോക്കിന് അമേരിക്കയിലും നിരോധനം വന്നേക്കും; സൂചന നല്‍കി ട്രംപ്

ഇന്ത്യയെ പിന്തുടര്‍ന്ന് ടിക് ടോക്കിന് അമേരിക്കയും വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായി സൂചന. ഇതു സംബന്ധിച്ചുള്ള സൂചനകള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കി. അമേരിക്കയില്‍ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഈ ആപ്പ് ചൈനീസ് ഇന്റലിജന്‍സ് ഏജന്‍സികളുടെ ഉപകരണമായാണോ പ്രവര്‍ത്തിക്കുന്നതെന്ന് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചതായി ട്രംപ് പറഞ്ഞു.

ആപ്പിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സ് അമേരിക്കന്‍ കമ്പനികളെ ഏല്‍പ്പിക്കണമെന്ന് ട്രംപ് നിര്‍ദേശിക്കുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന സൂചനയാണ് ട്രംപ് നല്‍കിയത്. അമേരിക്കയില്‍ ടിക് ടോക്ക് നിരോധിക്കാന്‍ പോവുകയാണെന്ന് എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിനുള്ളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെയോ അടിയന്തര സാമ്പത്തിക അധികാരം ഉപയോഗിച്ചോ ശനിയാഴ്ച തന്നെ ഇത് നടപ്പാക്കിയേക്കുമെന്നും ട്രംപ് അറിയിച്ചു. ടിക് ടോക്കിനെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് മൈക്രോസോഫ്റ്റ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചില നിബന്ധനകളില്‍ ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയാണെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം.