കൊറോണ മരുന്നിന്റെ മനുഷ്യരിലെ പരീക്ഷണം പരാജയമെന്ന് റിപ്പോര്‍ട്ട്

കൊറോണ വൈറസിനെതിരെയുള്ള മരുന്നിന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം പരാജയമെന്ന് റിപ്പോര്ട്ട്.
 | 
കൊറോണ മരുന്നിന്റെ മനുഷ്യരിലെ പരീക്ഷണം പരാജയമെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെതിരെയുള്ള മരുന്നിന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം പരാജയമെന്ന് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് നീക്കം ചെയ്യപ്പെടുകയും ചെയ്ത മരുന്ന് പരീക്ഷണത്തെക്കുറിച്ചുള്ള ചുരുക്കവിവരണത്തിലാണ് ഈ വിവരം ഉണ്ടായിരുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെബ്‌സൈറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഫിനാന്‍ഷ്യല്‍ ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു.

എന്നാല്‍ ഇത് നിഷേധിച്ച് മരുന്ന് നിര്‍മാതാക്കളായ ഗിലീഡ് സയന്‍സസ് രംഗത്തെത്തി. പരീക്ഷണത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെട്ടത്. 237 ചൈനീസ് രോഗികളിലാണ് പരീക്ഷണം നടത്തിയത്. ചികിത്സയിലുള്ള 158 പേര്‍ക്കും നിയന്ത്രിത വിഭാഗത്തിലുള്ള 79 പേര്‍ക്കുമാണ് മരുന്ന് നല്‍കിയത്. പാര്‍ശ്വഫലങ്ങളെത്തുടര്‍ന്ന് 18 പേര്‍ക്ക് മരുന്ന് നല്‍കുന്നത് നിര്‍ത്തിവെച്ചുവെന്നും ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റ് പറയുന്നു.

ഒരു മാസത്തിന് ശേഷം മരുന്ന് സ്വീകരിച്ചവരില്‍ 13.9 ശതമാനം രോഗികളും കണ്‍ട്രോള്‍ ഗ്രൂപ്പിലുണ്ടായിരുന്ന 12.8 ശതമാനം രോഗികളും മരിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം വിശദമായ പരിശോധനകള്‍ നടത്താതെയാണ് ഇത് പ്രസിദ്ധീകരിച്ചതെന്നും പിഴവുകള്‍ ഏറെയുള്ള റിപ്പോര്‍ട്ടാണ് അതെന്നുമാണ് ലോകാരോഗ്യ സംഘടന ഫിനാന്‍ഷ്യല്‍ ടൈംസിനോട് പ്രതികരിച്ചത്.

റിപ്പോര്‍ട്ടില്‍ പിഴവുകള്‍ ഉണ്ടെന്നും പൂര്‍ണ്ണമായ പഠന റിപ്പോര്‍ട്ടല്ല അതെന്നുമാണ് ഗിലീഡ് വക്താവ് അറിയിച്ചത്. മരുന്നിന്റെ പരീക്ഷണം തുടരുകയാണെന്നും വക്താവ് അറിയിച്ചു.