ഇന്ത്യന്‍ പ്രാതിനിധ്യം കമല ഹാരിസില്‍ മാത്രം ഒതുങ്ങില്ല; ബൈഡന്റെ കോവിഡ് ടാസ്‌ക് ഫോഴ്‌സിനെ ഇന്ത്യന്‍ വംശജന്‍ നയിച്ചേക്കും

ബൈഡന്റെ കൊറോണ വൈറസ് ടാസ്ക് ഫോഴ്സിന്റെ തലപ്പത്ത് ഇന്ത്യന് അമേരിക്കന് ഡോക്ടറായ വിവേക് മൂര്ത്തി എത്തിയേക്കും.
 | 
ഇന്ത്യന്‍ പ്രാതിനിധ്യം കമല ഹാരിസില്‍ മാത്രം ഒതുങ്ങില്ല; ബൈഡന്റെ കോവിഡ് ടാസ്‌ക് ഫോഴ്‌സിനെ ഇന്ത്യന്‍ വംശജന്‍ നയിച്ചേക്കും

വാഷിംഗ്ടണ്‍: ഇന്ത്യന്‍-ആഫ്രിക്കന്‍ പാരമ്പര്യമുള്ള വനിത വൈസ് പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നതില്‍ മാത്രം ഒതുങ്ങില്ല നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സേനയിലെ ഇന്ത്യന്‍ പ്രാതിനിധ്യം. പുതിയ ഭരണകൂടത്തിന് മുന്നിലുള്ള ഏറ്റവും ആദ്യത്തെ വെല്ലുവിളി കോവിഡ് പ്രതിസന്ധി തന്നെയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളും മരണവും അമേരിക്കയില്‍ ആണെന്നതിനാല്‍ കോവിഡ് പ്രതിരോധത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടി വരും. നിലവിലെ സൂചനയനുസരിച്ച് ബൈഡന്റെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ തലപ്പത്ത് ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടറായ വിവേക് മൂര്‍ത്തി എത്തിയേക്കും. മുന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ ആയിരുന്ന ഡേവിഡ് കെസ്ലര്‍ക്കൊപ്പമായിരിക്കും വിവേക് മൂര്‍ത്തി ഈ പദവി അലങ്കരിക്കുക.

2014ല്‍ അമേരിക്കയുടെ സര്‍ജന്‍ ജനറലായി ഒബാമ ഭരണകൂടം നിയമിച്ച വിവേക് മൂര്‍ത്തിയെ പിന്നീട് ട്രംപ് ഭരണകൂടം പുറത്താക്കിയിരുന്നു. കര്‍ണാടക സ്വദേശികളായ മാതാപിതാക്കള്‍ക്ക് യുകെയില്‍ ജനിച്ച മകനാണ് വിവേക് മൂര്‍ത്തി. അമേരിക്കയുടെ സര്‍ജന്‍ ജനറലായി നിയമിക്കപ്പെടുമ്പോള്‍ മൂര്‍ത്തിക്ക് 37 വയസ് മാത്രമായിരുന്നു പ്രായം. ഈ പദവിയില്‍ എത്തുന്ന ഏറ്റവും പായം കുറഞ്ഞയാള്‍ എന്ന ബഹുമതിയും മൂര്‍ത്തിക്ക് സ്വന്തമായിരുന്നു. ബൈഡന്‍ തന്റെ കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ പ്രഖ്യാപനം തിങ്കളാഴ്ച നടത്തിയേക്കും. ശനിയാഴ്ച രാത്രി വില്‍മിംഗ്ടണില്‍ നടത്തിയ വിക്ടറി സ്പീച്ചില്‍ ഇതു സംബന്ധിച്ച സൂചനകള്‍ ബൈഡന്‍ നല്‍കി.

ബൈഡന്‍-ഹാരിസ് ഭരണകൂടത്തിന്റെ കോവിഡ് പ്ലാന്‍ നിശ്ചയിക്കാന്‍ വിദഗ്ദ്ധരുടെയും മുന്‍നിര ശാസ്ത്രജ്ഞരുടെയും ഒരു സംഘത്തെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നായിരുന്നു ബൈഡന്‍ വ്യക്തമാക്കിയത്. ടാസ്‌ക് ഫോഴ്‌സ് ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും. ശാസ്ത്രത്തിന്റെ അടിസ്ഥാന ശിലകളില്‍ ഉറച്ചു നിന്നു കൊണ്ടായിരിക്കും ഇതിന്റെ പ്രവര്‍ത്തനമെന്നും ബൈഡന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പൊതുജനാരോഗ്യം, കോവിഡ് തുടങ്ങിയ വിഷയങ്ങളില്‍ ബൈഡന്റെ ഉപദേഷ്ടാവായിരുന്നു വിവേക് മൂര്‍ത്തി.