അമേരിക്കയ്ക്ക് യുദ്ധം ചെയ്യാന്‍ ധൈര്യമില്ലെന്ന് ഇറാന്‍; പ്രതികരണം ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ

അമേരിക്കയ്ക്ക് യുദ്ധം ചെയ്യാനുള്ള ധൈര്യമില്ലെന്ന് ഇറാന്.
 | 
അമേരിക്കയ്ക്ക് യുദ്ധം ചെയ്യാന്‍ ധൈര്യമില്ലെന്ന് ഇറാന്‍; പ്രതികരണം ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ

ടെഹ്‌റാന്‍: അമേരിക്കയ്ക്ക് യുദ്ധം ചെയ്യാനുള്ള ധൈര്യമില്ലെന്ന് ഇറാന്‍. അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഇറാന്‍ സൈനികത്തലവന്‍ മേജര്‍ ജനറല്‍ അബ്ദുള്‍ റഹീം മൗസവിയാണ് ട്വിറ്റര്‍ സന്ദേശത്തില്‍ അമേരിക്കന്‍ ഭീഷണിക്ക് മറുപടി നല്‍കിയത്. ട്രംപ് കോട്ടിട്ട ഭീകരനാണെന്നായിരുന്നു ഇറാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് മന്ത്രി മുഹമ്മദ് ജവാദ് അസാരി ജറോമി പ്രതികരിച്ചത്.

ഇറാനെ പരാജയപ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ല. ഇസ്ലാമിക് സ്റ്റേറ്റ്, ഹിറ്റ്‌ലര്‍, ചെങ്കിസ്ഖാന്റെ പടയാളികള്‍ എന്നവരെല്ലാവരും സംസ്‌കാരത്തിന് എതിരായിരുന്നു. ഡൊണാള്‍ഡ് ട്രംപ് ഉടന്‍തന്നെ ചരിത്രം പഠിക്കുമെന്നും ജറോമി ട്വീറ്റില്‍ പറഞ്ഞു. അമേരിക്കന്‍ പൗരന്‍മാരെയോ സ്ഥാപനങ്ങളെയോ ആക്രമിച്ചാല്‍ പുതിയ കുറച്ച് ആയുധങ്ങള്‍ ഇറാനിലേക്ക് അയക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ഇതിനിടെ പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാന്‍ ഇന്ത്യയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ എംബസിയും കോണ്‍സുലേറ്റുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രതിഷേധ സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.