യഥാര്‍ത്ഥ അയോധ്യ നേപ്പാളില്‍! ശ്രീരാമന്‍ നേപ്പാളിയെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

ശ്രീരാമന് നേപ്പാള് സ്വദേശിയെന്ന് അവകാശപ്പെട്ട് നേപ്പാള് പ്രധാനമന്ത്രി കെ.പി.ശര്മ ഒലി.
 | 
യഥാര്‍ത്ഥ അയോധ്യ നേപ്പാളില്‍! ശ്രീരാമന്‍ നേപ്പാളിയെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ശ്രീരാമന്‍ നേപ്പാള്‍ സ്വദേശിയെന്ന് അവകാശപ്പെട്ട് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി. യഥാര്‍ത്ഥ അയോധ്യ നേപ്പാളിലാണെന്നും ഇവിടെയാണ് ശ്രീരാമന്‍ ജനിച്ചതെന്നുമാണ് ഒലി അവകാശപ്പെടുന്നത്. കാഠ്മണ്ഡുവില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെയുള്ള ബിര്‍ഗഞ്ജിലെ ഒരു ഗ്രാമമാണ് അയോധ്യയെന്നും ഒലി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന സാംസ്‌കാരിക പരിപാടിയിലായിരുന്നു ഒലി ഈ അവകാശവാദം ഉന്നയിച്ചത്.

സീതയെ നാം രാമന് നല്‍കിയെന്നാണ് വിശ്വാസം. എന്നാല്‍ നാം നമ്മുടെ രാജകുമാരനെക്കൂടി നല്‍കിയെന്ന് ഒലി പറഞ്ഞു. ഇന്ത്യ നേപ്പാളിന് മേല്‍ നടത്തുന്നത് സാംസ്‌കാരിക അധിനിവേശവും അടിച്ചമര്‍ത്തലുമാണ്. നാം അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. വസ്തുതകള്‍ കയ്യടക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേപ്പാളിലെ ഡിജിറ്റല്‍ ന്യൂസ് പേപ്പര്‍ എന്ന് അറിയപ്പെടുന്ന ഓണ്‍ലൈന്‍ മാധ്യമത്തിലാണ് ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യക്കെതിരായ നിലപാടുകള്‍ സൂക്ഷിക്കുന്ന ഒലി ഇന്ത്യന്‍ പ്രദേശങ്ങള്‍ നേപ്പാളില്‍ ഉള്‍പ്പെടുന്നതാണെന്ന് അവകാശപ്പെടുന്ന പൊളിറ്റിക്കല്‍ മാപ്പ് സൃഷ്ടിച്ചാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. കഴിഞ്ഞ മാസം ഇതിന് നേപ്പാള്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.