പണവും മയക്കുമരുന്നും നല്‍കി പീഡനം; യു.കെ മാഫിയാ സംഘം അറസ്റ്റില്‍

ജിസിഎസ്ഇ ഫലം പുറത്തുവരുന്നതിന് തലേദിവസം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലാവുന്നത്.
 | 
പണവും മയക്കുമരുന്നും നല്‍കി പീഡനം; യു.കെ മാഫിയാ സംഘം അറസ്റ്റില്‍

ലണ്ടന്‍: കുട്ടികളെ ലൈംഗിക തൊഴിലിനായി ഉപയോഗിച്ച മാഫിയാ സംഘം ബ്രിട്ടനില്‍ പിടിയില്‍. വില്‍റ്റ്ഷയര്‍ സ്വിന്‍ഡണ്‍ കിംഗ്സ്ഡൗണ്‍ സ്‌കൂളിലെ കുട്ടികളെയാണ് സംഘം ലൈംഗികമായി ഉപദ്രവിക്കുകയും ലൈംഗിക തൊഴിലെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരിക്കുന്നത്. കുട്ടികളെല്ലാവരും 13നും 14നും ഇടയില്‍ പ്രായമുള്ളവരാണ്. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നൂറിലധികം കുട്ടികളെ മാഫിയാ സംഘം ഇത്തരത്തില്‍ ഉപയോഗിച്ചതായിട്ടാണ് വിവരം.

ജിസിഎസ്ഇ ഫലം പുറത്തുവരുന്നതിന് തലേദിവസം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലാവുന്നത്. ക്ലാസുകള്‍ തിരിച്ച ഡീലര്‍മാരെ തയ്യാറാക്കി കുട്ടികളെ വലയിലാക്കുന്നതാണ് ഇവരുടെ രീതി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. കൂടുതല്‍ പേര്‍ കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്നാണ് സൂചന. സമീപകാലത്ത് യു.കെയില്‍ ഗ്യാംഗുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്തരം ഗ്യാംഗുകള്‍ കൗമാരപ്രായക്കാര്‍ക്കിടയിലും സജീവമാണ്.

വില്‍റ്റ്ഷയര്‍ സ്വിന്‍ഡണ്‍ കിംഗ്സ്ഡൗണ്‍ സ്‌കൂള്‍ കേന്ദ്രീകരിച്ചാണ് മാഫിയാ സംഘം പ്രവര്‍ത്തിച്ചിരുന്നത്. സംഘത്തില്‍ എത്ര അംഗങ്ങളുണ്ടെന്ന് വ്യക്തമല്ല. റെയ്ഡില്‍ മയക്കുമരുന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇവ കുട്ടികള്‍ക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചതാണെന്നാണ് സൂചന. കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന വ്യാപാരം നടക്കുന്നതായും സൂചനയുണ്ട്.