കോവിഡ് മുക്തരില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന് പഠനം

ശാരീരിക പ്രശ്നങ്ങള് കൂടാതെ അവരില് മാനസികാരോഗ്യ പ്രശ്നങ്ങളും ഉടലെടുക്കുന്നതായി പുതിയ പഠനം പറയുന്നു
 | 
കോവിഡ് മുക്തരില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന് പഠനം

കോവിഡ് ബാധിച്ചവരില്‍ അനുബന്ധമായി ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ശാരീരിക പ്രശ്‌നങ്ങള്‍ കൂടാതെ അവരില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളും ഉടലെടുക്കുന്നതായി പുതിയ പഠനം പറയുന്നു. കോവിഡ് ഭേദമായ 20 ശതമാനത്തോളം ആളുകളില്‍ രോഗ മുക്തി നേടി മൂന്ന് മാസത്തിനുള്ളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ സൈക്യാട്രി പ്രൊഫസര്‍ പോള്‍ ഹാരിസണ്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. അമേരിക്കയിലെ 6.9 കോടി ആളുകളുടെ ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡുകള്‍ വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഇവരില്‍ 62,000 പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.

രോഗമുക്തി നേടിയവരില്‍ മൂന്ന് മാസത്തിന് ശേഷം അമിത ആകാക്ഷ, ഉറക്കമില്ലായ്മ, വിഷാദരോഗം തുടങ്ങിയവ പ്രത്യക്ഷപ്പെട്ടുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. മറ്റു രോഗങ്ങളില്‍ നിന്ന് മുക്തരായവരിലും ഇത്തരം മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ടെങ്കിലും കോവിഡ് രോഗികളില്‍ ഇത് ഇരട്ടിയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ കോവിഡ് ബാധിക്കാനുള്ള സാധ്യത 65 ശതമാനം ഏറെയാണെന്നും പഠനം കണ്ടെത്തി. പഠന റിപ്പോര്‍ട്ട് ലാന്‍സെറ്റ് സൈക്യാട്രി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കുന്നത് മാനസിക രോഗങ്ങളിലേക്ക് നയിക്കുമെന്നതിന്റെ തെളിവാണ് ഈ കണ്ടെത്തലെന്ന് വിഗ്ദ്ധര്‍ പറയുന്നു. കേന്ദ്ര നാഡീ വ്യവസ്ഥയെ കോവിഡ് പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു. അത് മറ്റു സങ്കീര്‍ണതകളിലേക്ക് നയിക്കുമന്നും ആരോഗ്യ വിദഗ്ദ്ധര്‍ പറഞ്ഞിരുന്നു.