വിമാനത്തിന്റെ ശുചിമുറിയില്‍ ക്യാമറ വെച്ച് കോക്പിറ്റിലേക്ക് വീഡിയോ സ്ട്രീമിംഗ്; പൈലറ്റുമാര്‍ക്കെതിരെ പരാതി

വിമാനത്തിന്റെ ശുചിമുറിയില് ക്യാമറ വെച്ച് കോക്പിറ്റില് ഘടിപ്പിച്ച ഐപാഡിലേക്ക് വീഡിയോ ലൈവ് സ്ട്രീമിംഗ് നടത്തിയെന്ന് പൈലറ്റുമാര്ക്കെതിരെ പരാതി.
 | 
വിമാനത്തിന്റെ ശുചിമുറിയില്‍ ക്യാമറ വെച്ച് കോക്പിറ്റിലേക്ക് വീഡിയോ സ്ട്രീമിംഗ്; പൈലറ്റുമാര്‍ക്കെതിരെ പരാതി

വാഷിംഗ്ടണ്‍: വിമാനത്തിന്റെ ശുചിമുറിയില്‍ ക്യാമറ വെച്ച് കോക്പിറ്റില്‍ ഘടിപ്പിച്ച ഐപാഡിലേക്ക് വീഡിയോ ലൈവ് സ്ട്രീമിംഗ് നടത്തിയെന്ന് പൈലറ്റുമാര്‍ക്കെതിരെ പരാതി. വിമാനത്തിലെ ഒരു എയര്‍ ഹോസ്റ്റസ് ആണ് പൈലറ്റുമാര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയിലെ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിലെ രണ്ട് പൈലറ്റുമാര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 2017ലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.

പിറ്റ്‌സ്ബര്‍ഗില്‍ നിന്ന് ഫീനിക്‌സിലേക്ക് പോകുകയായിരുന്ന വിമാനത്തിന്റെ കോക്പിറ്റില്‍ ക്യാപ്റ്റന്റെ വിന്‍ഡ് ഷീല്‍ഡില്‍ സ്ഥാപിച്ചിരുന്ന ഐപാഡില്‍ ബാത്‌റൂമിന്റെ ദൃശ്യങ്ങള്‍ താന്‍ കണ്ടുവെന്നാണ് പരാതിക്കാരിയായ എയര്‍ ഹോസ്റ്റസ് റെനീ സ്റ്റീനാക്കര്‍ പറയുന്നത്. പൈലറ്റുമാര്‍ ഈ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയായിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു. ക്യാപ്റ്റന്‍ ടെറി ഏബ്രഹാം തന്നെ കോക്പിറ്റിലേക്ക് വിളിച്ചപ്പോഴാണ് ഇത് കണ്ടത്.

സൗത്ത് വെസ്റ്റ് എയര്‍ലൈനിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് കോക്പിറ്റില്‍ എല്ലാ സമയത്തും രണ്ട് പേര്‍ വേണം. ശുചിമുറി ഉപയോഗിക്കുന്നതിനായാണ് ക്യാപ്റ്റന്‍ തന്നെ കോക്പിറ്റിലേക്ക് വിളിച്ചത്. ആ സമയത്ത് കോക്പിറ്റിലെ ഐപാഡില്‍ ക്യാപ്റ്റന്‍ ശുചിമുറിയില്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടുവെന്ന് റെനീ പറയുന്നു. രണ്ടാം പൈലറ്റായിരുന്ന റയാന്‍ റസല്‍ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും വിമാനക്കമ്പനി തങ്ങളുടെ ബോയിംഗ് 737-800 വിമാനങ്ങളില്‍ അതീവ രഹസ്യമായി സ്ഥാപിച്ചിരിക്കുന്ന ക്യാമറയാണ് അതെന്ന് പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ അങ്ങനെ ക്യാമറകളൊന്നും സ്ഥാപിച്ചിട്ടില്ലെന്ന് സൗത്ത് വെസ്റ്റ് പിന്നീട് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അരിസോണ സ്‌റ്റേറ്റ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പരാതി ഫെഡറല്‍ കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ എയര്‍ലൈന്‍ കമ്പനിയും അന്വേഷണം നടത്തിയിരുന്നു.