ആയിരത്തിലധികം അറബ് സഖ്യസേന പട്ടാളക്കാരെ പിടികൂടിയതായി ഹുതി വിമതര്‍

ഹുതി നാഷണല് കമ്മറ്റി ഫോര് പ്രിസണേഴ്സ് അഫേഴ്സാണ് നേരത്തെ രണ്ട് സൗദി പൗരന്മാര് അടക്കുമുള്ള 350 തടവുകാരെ ഉപാധികളില്ലാതെ കൈമാറാമെന്ന് പ്രഖ്യാപിച്ചത്.
 | 
ആയിരത്തിലധികം അറബ് സഖ്യസേന പട്ടാളക്കാരെ പിടികൂടിയതായി ഹുതി വിമതര്‍

ജിദ്ദ: അറബ് സഖ്യസേനയുടെ ആയിരത്തിലധികം പട്ടാളക്കാരെ പിടികൂടിയതായി അവകാശപ്പെട്ട് യെമനിലെ ഹുതി വിമതര്‍. 350 തടവുകാരെ ഉപാധികളില്ലാതെ വിട്ടയക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ അവകാശവാദമുന്നയിച്ച് ഹുതികള്‍ രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ സൗദി അറേബ്യ സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ഹുതി നാഷണല്‍ കമ്മറ്റി ഫോര്‍ പ്രിസണേഴ്‌സ് അഫേഴ്‌സാണ് നേരത്തെ രണ്ട് സൗദി പൗരന്മാര്‍ അടക്കുമുള്ള 350 തടവുകാരെ ഉപാധികളില്ലാതെ കൈമാറാമെന്ന് പ്രഖ്യാപിച്ചത്. ഡിസംബറിലുണ്ടാക്കിയ സ്‌റ്റോക്ക്‌ഹോം ഉടമ്പടി പ്രകാരമാണ് പുതിയ നീക്കം. 2014ല്‍ ഹുതികളുടെ പിടിയിലായവരെയാണ് ഇപ്പോള്‍ മോചിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നടന്ന ഇടപെടലുകളാണ് ഇവരുടെ മോചനത്തിന് കാരണമായിരിക്കുന്നത്

എന്നാല്‍ ആയിരത്തിലധികം സൈനികരെ യുദ്ധത്തടവുകാരാക്കിയെന്ന വാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണം നടത്താന്‍ ഹുതി നാഷണല്‍ കമ്മറ്റി ഫോര്‍ പ്രിസണേഴ്‌സ് അഫയേഴ്‌സ് തയ്യാറായില്ല. നേരത്തെ അരാംകോ ആക്രമണത്തിന് പിന്നാലെ സൗദിക്കെതിരെയുള്ള എല്ലാവിധ ആക്രമണങ്ങളും നിര്‍ത്തിവെക്കുമെന്ന് ഹുതി നേതാവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ യെമനില്‍ നിന്ന് തുടര്‍ച്ചയായി ഡ്രോണുകള്‍ സൗദിയിലേക്ക് എത്തുന്നുവെന്നാണ് സഖ്യസേന നല്‍കുന്ന വിവരം.