ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കുള്ള ശിക്ഷ സൗദി കടുപ്പിച്ചു; തടവിന് പുറമെ 20 ലക്ഷം റിയാല്‍ പിഴയും നല്‍കണം

തട്ടിപ്പുകള്ക്ക് പിടിക്കപ്പെട്ടാല് മൂന്നു വര്ഷം വരെ ജയിലും ഇരുപത് ലക്ഷം സൗദി റിയാല് വരെ പിഴയും ലഭിക്കും.
 | 
ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കുള്ള ശിക്ഷ സൗദി കടുപ്പിച്ചു; തടവിന് പുറമെ 20 ലക്ഷം റിയാല്‍ പിഴയും നല്‍കണം

ദമാം: ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് സൗദി അറേബ്യ. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലെ വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ് നടത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായതാണ് നിയമം കടുപ്പിക്കാന്‍ സൗദിയെ നിര്‍ബന്ധിതരാക്കിയത്. ഇത്തരം തട്ടിപ്പുകള്‍ക്ക് പിടിക്കപ്പെട്ടാല്‍ മൂന്നു വര്‍ഷം വരെ ജയിലും ഇരുപത് ലക്ഷം സൗദി റിയാല്‍ വരെ പിഴയും ലഭിക്കും. പ്രവാസികളാണെങ്കില്‍ ശിക്ഷയ്ക്ക് പുറമെ ആജീവനാന്ത വിലക്കും നേരിടേണ്ടി വരുമെന്നാണ് നിയമ വിദഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ബാങ്ക് വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ചോര്‍ത്തി പണം തട്ടിയെടുക്കുക, ഉടമസ്ഥന്‍ അറിയാതെ അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യുക തുടങ്ങിയവ പുതിയ നിയമത്തിന് കീഴില്‍ വരുന്ന കുറ്റകൃത്യങ്ങളാണ്. 3 വര്‍ഷം തടവോ അല്ലെങ്കിലും തടവും പിഴയും ഒന്നിച്ചോ കുറ്റം തെളിയിക്കപ്പെട്ടാല്‍ കോടതിക്ക് വിധിക്കാം. സാമ്പത്തിക തട്ടിപ്പിന് ഉപയോഗിച്ച കംപ്യൂട്ടറും തട്ടിയെടുത്ത തുകയും കണ്ടുകെട്ടുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.

ഓണ്‍ലൈനായി ബാങ്ക് ഇടപാടുകള്‍ നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ യാതൊരു കാരണവശാലും ഡെബിറ്റ്, ക്രഡെിറ്റ് കാര്‍ഡ് വിവരങ്ങള്‍ മറ്റൊരാള്‍ക്കും കൈമാറരുതെന്നും അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ഇടപാടുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ബാങ്കുകള്‍ കൂടുതല്‍ ക്രമീകരങ്ങള്‍ നടപ്പിലാക്കുമെന്നും സൗദി വൃത്തങ്ങള്‍ വ്യക്തമാക്കി.