ഒളിച്ചോടിയ ഭാര്യക്കെതിരെ ദുബായ് ഭരണാധികാരി യുകെ ഹൈക്കോടതിയില്‍ പരാതി നല്‍കിയെന്ന് റിപ്പോര്‍ട്ട്

രാജകുമാരി ഹയാ ബിന്ത് അല് ഹുസൈനെതിരെ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം യുകെ ഹൈക്കോടതിയെ സമീപിച്ചതായി റിപ്പോര്ട്ട്.
 | 
ഒളിച്ചോടിയ ഭാര്യക്കെതിരെ ദുബായ് ഭരണാധികാരി യുകെ ഹൈക്കോടതിയില്‍ പരാതി നല്‍കിയെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ഒളിച്ചോടിയ ആറാം ഭാര്യ രാജകുമാരി ഹയാ ബിന്‍ത് അല്‍ ഹുസൈനെതിരെ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യുകെ ഹൈക്കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മാധ്യമങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദുബായില്‍ നിന്ന് ഒളിച്ചോടിയ ഹയാ രാജകുമാരി ലണ്ടനിലാണ് ഇപ്പോള്‍ ഉള്ളതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരനും ഭാര്യ കാമില പാര്‍ക്കറുമായി അടുത്ത ബന്ധമായിരുന്നു ഹയാക്ക് ഉണ്ടായിരുന്നതെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് പറയുന്നു. ജോര്‍ദാനിലെ അന്തരിച്ച ഹുസൈന്‍ രാജാവിന്റെ മകളായ ഹയാ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ്. ലണ്ടനിലെ ഹൈക്കോടതിയുടെ ഫാമിലി ഡിവിഷനിലായിരിക്കും കേസ് പരിഗണിക്കുക. ജൂലൈ 30നും 31നുമായി കേസ് പരിഗണിക്കുമെന്ന് സ്ഥിരീകരിച്ച റോയല്‍ കോര്‍ട്ട്‌സ് ഓഫ് ജസ്റ്റിസ് പക്ഷേ കക്ഷികളുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ലണ്ടനിലെ വന്‍കിട നിയമ സ്ഥാപനമായ ലേഡി ഹെലന്‍ വാര്‍ഡ് ഓഫ് സ്റ്റിയുവര്‍ട്ട് ആയിരിക്കും ഷെയ്ഖ് അല്‍ മക്തൂമിനു വേണ്ടി കോടതിയില്‍ ഹാജരാകുക. ഹയായ്ക്ക് യു.എ.ഇയില്‍ സുരക്ഷാ ഭീഷണിയുണ്ടായിരുന്നുവെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹയാ കൊട്ടാരം വിട്ടിറങ്ങുമ്പോള്‍ 31 മില്യണ്‍ പൗണ്ട് കൊണ്ടുപോയിരുന്നുവെന്നും മക്കളായ ജലീല (11), സയ്യിദ് (7) എന്നിവര്‍ക്കൊപ്പമാണ് ഇവര്‍ പോയതെന്നുമാണ് വിവരം. എന്നാല്‍ യു.എ.ഇയിലെ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രാജ്യത്തെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളാണ്.

ജര്‍മ്മനിയിലെ ഒരു നയതന്ത്ര പ്രതിനിധിയാണ് ഒളിച്ചോട്ടത്തിനായി ഹയായെ സഹായിച്ചതെന്നും സംഭവത്തിന് പിന്നാലെ യു.എ.ഇയും ജര്‍മ്മനിയും തമ്മില്‍ നയതന്ത്ര പ്രശ്നങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകള്‍ ആരോപിക്കുന്നു. ഇക്കഴിഞ്ഞ മെയ് 20ന് ശേഷം ഹയാ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അവര്‍ ഉപയോഗിച്ചിരുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇപ്പോള്‍ നിര്‍ജീവമാണ്.