രവി ശാസ്ത്രിയും സംഘവും സ്ഥാനമൊഴിയുന്നു; ഇന്ത്യയുടെ പുതിയ പരിശീലക സംഘത്തെ തേടി ബി.സി.സി.ഐ

2017 ചാമ്പ്യന്സ് ട്രോഫി മുതല് ഇന്ത്യയുടെ പരിശീലകനായ രവി ശാസ്ത്രി ഇന്ത്യയുടെ വെസ്റ്റ് ഇന്ഡീസ് പര്യടനത്തിന് ശേഷം സ്ഥാനമൊഴിയും.
 | 
രവി ശാസ്ത്രിയും സംഘവും സ്ഥാനമൊഴിയുന്നു; ഇന്ത്യയുടെ പുതിയ പരിശീലക സംഘത്തെ തേടി ബി.സി.സി.ഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലക സംഘത്തെ തേടി ബി.സി.സി.ഐ. പരിശീലകര്‍ക്കായുള്ള അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 30വരെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷകള്‍ നല്‍കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. 2017 ചാമ്പ്യന്‍സ് ട്രോഫി മുതല്‍ ഇന്ത്യയുടെ പരിശീലകനായ രവി ശാസ്ത്രി ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം സ്ഥാനമൊഴിയും.

ശാസ്ത്രിയുടെയും സംഘത്തിന്റെയും കാലാവധി നേരത്തെ ബി.സി.സി.ഐ 45 ദിവസം നീട്ടിയിരുന്നു. ഹെഡ് കോച്ച്, ബൗളിങ് പരിശീലകന്‍, ബാറ്റിങ് പരിശീലകന്‍, ഫീല്‍ഡിങ് പരിശീലകന്‍, ഫിസിയോ, സ്ട്രങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച്, അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ എന്നീ തസ്തികകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചത്.

ലോകകപ്പിലെ തോല്‍വിയാണ് ശാസ്ത്രിക്കും സംഘത്തിനും വിനയായി മാറിയിരിക്കുന്നത്. നേരത്തെ വിരാട് കോലിക്ക് ഏകദിന നായക സ്ഥാനം നഷ്ടപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോകകപ്പ് അവലോകന യോഗത്തില്‍ കോലിയുടെ നായകസ്ഥാനം സംബന്ധിച്ച് ചര്‍ച്ചകളുണ്ടാമെന്നാണ് മാനേജ്മെന്റ് പ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുന്നത്. കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റന്‍ കോലി, ചീഫ് സെലക്റ്റര്‍ എം.എസ്.കെ പ്രസാദ് എന്നിവരുള്‍പ്പെടെയുള്ളവര്‍ അവലോകന യോഗത്തില്‍ പങ്കെടുക്കും. തോല്‍വിയുമായി ബന്ധപ്പെട്ട് നായകന് നേരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നേക്കും.