കരീബിയന്‍ ക്രിക്കറ്റ് ലീഗിലെ ഷാരൂഖ് ഖാന്റെ ടീമിനൊപ്പം ചേര്‍ന്നു; ദിനേശ് കാര്‍ത്തിക്കിന് ബിസിസിഐയുടെ നോട്ടീസ്

കാര്ത്തിക്കിനെതിരെ നടപടിയുണ്ടാകുമെന്നും സൂചനകളുണ്ട്.
 | 
കരീബിയന്‍ ക്രിക്കറ്റ് ലീഗിലെ ഷാരൂഖ് ഖാന്റെ ടീമിനൊപ്പം ചേര്‍ന്നു; ദിനേശ് കാര്‍ത്തിക്കിന് ബിസിസിഐയുടെ നോട്ടീസ്

മുംബൈ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ബി.സി.സി.ഐ. കരീബിയന്‍ ക്രിക്കറ്റ് ലീഗിലെ ഒരു ഇവന്റില്‍ അനുവാദമില്ലാതെ പങ്കെടുത്തതിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരുഖ് ഖാന്റെ ടീമായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഡ്രസ്സിംഗ് റൂമില്‍ ടീം അംഗങ്ങളുമായി സംസാരിക്കുന്ന കാര്‍ത്തിക്കിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ബിസിസിഐയുമായി കോണ്‍ട്രാക്ട് നിലനില്‍ക്കെ അനുവാദമില്ലാതെ മറ്റൊരു ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ക്ക് കഴിയില്ല. ഷാരുഖിന്റെ നൈറ്റ് റൈഡേഴ്‌സുമായി കാര്‍ത്തിക്കിന് അടുത്ത ബന്ധമുണ്ട്. ടീമംഗങ്ങളുമായി സംസാരിക്കുകയും ബ്രന്‍ഡം മക്കെല്ലത്തോടൊപ്പം ഡ്രസിംഗ് റൂമില്‍ സമയം ചെലവിടുകയും ചെയ്താണ് കാര്‍ത്തിക് മടങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകന്‍ കൂടിയാണ് കാര്‍ത്തിക്.

കാര്‍ത്തിക്കിനെതിരെ നടപടിയുണ്ടാകുമെന്നും സൂചനകളുണ്ട്. കോണ്‍ട്രാക്ടിന്റെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കരീബിയന്‍ ക്രിക്കറ്റ് ഭാഗമായിട്ടല്ല ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഡ്രസ്സിംഗ് റൂം താരം സന്ദര്‍ശിച്ചതെന്നും അനൗദ്യോഗിക വിശദീകരണമുണ്ട്.