ചരിത്രമുറങ്ങുന്ന ഫിറോസ് ഷാ കോട്‌ലാ മൈതാനത്തിന്റെ പേര് മാറ്റി; ഇനി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം

ഇന്ത്യയിലെ കാലപ്പഴക്കമേറിയ ക്രിക്കറ്റ് മൈതാനങ്ങളില് രണ്ടാമത്തേതാണ് ഫിറോസ് ഷാ കോട്ലാ.
 | 
ചരിത്രമുറങ്ങുന്ന ഫിറോസ് ഷാ കോട്‌ലാ മൈതാനത്തിന്റെ പേര് മാറ്റി; ഇനി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ കായിക ചരിത്രത്തിലെ തന്നെ സുപ്രധാന മൈതാനങ്ങളിലൊന്നായ ഫിറോസ് ഷാ കോട്‌ലാ മൈതാനത്തിന്റെ പേര് മാറ്റി. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം എന്നായിരിക്കും ഇനി ഫിറോസ് ഷാ കോട്‌ലാ അറിയിപ്പെടുക. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെതാണ് തീരുമാനം. ഇന്ത്യയിലെ കാലപ്പഴക്കമേറിയ ക്രിക്കറ്റ് മൈതാനങ്ങളില്‍ രണ്ടാമത്തേതാണ് ഫിറോസ് ഷാ കോട്‌ലാ. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനാണ് ഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് സ്‌റ്റേഡിയം.

1883ലാണ് ബ്രിട്ടീഷുകാര്‍ ഫിറോസ് ഷാ കോട്‌ലാ മൈതാനം നിര്‍മ്മിക്കുന്നത്. 1351-1388 കാലഘട്ടത്തില്‍ ഡല്‍ഹി സുല്‍ത്താനായിരുന്ന ഫിറോസ് ഷാ തുഗ്ലകിന്റെ സ്മരണയ്ക്കായാണ് മൈതാനത്തിന് ഫിറോസ് ഷാ കോട്‌ലാ എന്ന് പേര് നല്‍കിയിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം, ഡല്‍ഹി ക്രിക്കറ്റ് ടീം, ഐ.പി.എല്ലിലെ ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരുടെ ഹോം ഗ്രൗണ്ടാണ് നിലവില്‍ ഫിറോസ് ഷാ കോട്‌ലാ.

ഇന്ത്യയുടെ മുന്‍ ധനകാര്യ മന്ത്രിയോടുള്ള ആദര സൂചകമായിട്ടാണ് സ്‌റ്റേഡിയത്തിന്റെ പേര് മാറ്റിയിരിക്കുന്നതെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഔദ്യാഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു. അതേസമയം പേര് മാറ്റത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ചരിത്രം പിടിച്ചെടുക്കാനുള്ള ബി.ജെ.പി തന്ത്രമാണ് ഇത്തരം പേര് മാറ്റങ്ങളെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിച്ചു.