ലോകകപ്പ് വിജയികളെ പ്രഖ്യാപിച്ച ഐ.സി.സി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു; വിമര്‍ശനവുമായി മുത്തയ്യ മുരളീധരനും

ശ്രീലങ്കന് സ്പിന് ഇതിഹാസം മുത്തയ്യ മുരളീധരനുള്പ്പെടെയുള്ള നിരവധി താരങ്ങളാണ് നിയമത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
 | 
ലോകകപ്പ് വിജയികളെ പ്രഖ്യാപിച്ച ഐ.സി.സി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു; വിമര്‍ശനവുമായി മുത്തയ്യ മുരളീധരനും

കൊളംബോ: ലോകകപ്പ് ഫൈനലിലെ ആവേശപ്പോരില്‍ വെറും ബൗണ്ടറികളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി വിജയികളെ നിര്‍ണയിച്ച ഐ.സി.സി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനുള്‍പ്പെടെയുള്ള നിരവധി താരങ്ങളാണ് നിയമത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ന്യൂസിലാന്‍ഡും ശ്രീലങ്കയും കപ്പ് പങ്കിടുന്നതായിരുന്നു ഉചിതമായ നടപടിയെന്ന് മുരളി പ്രതികരിച്ചു.

ഫൈനലില്‍ ഒരു ടീമും വിജയറണ്‍ സ്വന്തമാക്കിയതായി എനിക്ക് തോന്നുന്നില്ല. കിരീടം പങ്കിടുന്നതായിരുന്നു ഉചിതമായ നടപടി. ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. അപ്പോള്‍ സ്വഭാവികമായും ചെയ്യേണ്ടത് ഇരു ടീമുകള്‍ക്കുമായി കിരീടം പങ്കിട്ട് നല്‍കുകയെന്നതാണ്. നിലവില്‍ വിജയികളെ നിര്‍ണയിച്ച നിയമം മാറുമെന്നാണ് കരുതുന്നത്. മുരളീധരന്‍ പറഞ്ഞു.

നേരത്തെ ഇന്ത്യയുടെ വെറ്ററന്‍ താരങ്ങളായ യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, ഗൗതം ഗംഭീര്‍ എന്നിവര്‍ ബൗണ്ടറികളുടെ എണ്ണം നോക്കിയുള്ള വിജയികളെ തീരുമാനിക്കുന്ന നടപടി ഒട്ടും പ്രായോഗികവും ശാസ്ത്രീയവുമല്ലെന്ന് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇത്തരത്തില്‍ വിജയികളെ നിര്‍ണയിക്കുന്നതിലും ഭേദം ട്രോഫി പങ്കിട്ടെടുക്കുന്നതാണെന്ന് മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു. മുന്‍പും സമാന വിവാദങ്ങള്‍ സൂപ്പര്‍ ഓവറിനെ പിന്‍പറ്റി ഉടലെടുത്തിരുന്നു.

ബൗണ്ടറികളുടെ എണ്ണത്തില്‍ വിജയികളെ നിര്‍ണയിക്കുന്ന രീതി ഉചിതമായതല്ലെന്നും ഈ നിയമത്തിന് മാറ്റം വരേണ്ടതാണെന്നും ഓസീസ് ഇതിഹാസം ബ്രെറ്റ് ലീയും വ്യക്തമാക്കി. ഈ നിയമം പരിഹാസ്യമാണെന്നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്ററും എം.പിയുമായി ഗൗതം ഗംഭീറിന്റെ വിമര്‍ശനം. ഇത് വിശ്വസിക്കാനാകാത്ത തോല്‍വിയാണ്. ബൗണ്ടറി നിയമം എന്താണെന്ന് പോലും എനിക്ക് അറിവുണ്ടായിരുന്നില്ല. പക്ഷേ ഞങ്ങള്‍ പിന്നിലാണെന്ന് മത്സരശേഷം മനസിലായി. കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പറഞ്ഞു.

നിശ്ചിത 50 ഓവറില്‍ ഇരു ടീമുകളും 241 റണ്‍സ് മാത്രം നേടിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിന്റെ ആവേശത്തിലേക്ക് നീങ്ങിയത്. അവിടെയും 15 റണ്‍സുമായി ടൈ ആയതോടെ, കിരീട നിര്‍ണയം കളിയിലെ ബൗണ്ടറികളുടെ എണ്ണത്തിലായി. അവിടെ ഭാഗ്യം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. 2015 മെല്‍ബണിന് പിന്നാലെ, 2019 ലോഡ്‌സിലും കിവികളുടെ കണ്ണീര്‍ വീണാണ് ലോകകപ്പ് ഫൈനല്‍ അവസാനിച്ചത്. ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ലോക ക്രിക്കറ്റ് ചാമ്പ്യനായതോടെ ക്രിക്കറ്റ്, ഫുട്ബാള്‍, റഗ്ബി ലോകകപ്പുകള്‍ കീഴടക്കുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ഇംഗ്ലണ്ട്.