ചൈനീസ് ക്ലബിലേക്ക് ചാടാനുള്ള ബെയിലിന്റെ ശ്രമങ്ങള്‍ പാളി; സിദാനുമായുള്ള പിണക്കം വിനയാകും

ബെയില് എത്രയും വേഗത്തില് ക്ലബ് വിടുന്നതാണ് നല്ലതെന്നായിരുന്നു ദിവസങ്ങള്ക്ക് മുന്പ് സിദാന് വ്യക്തമാക്കിയത്.
 | 
ചൈനീസ് ക്ലബിലേക്ക് ചാടാനുള്ള ബെയിലിന്റെ ശ്രമങ്ങള്‍ പാളി; സിദാനുമായുള്ള പിണക്കം വിനയാകും

മാഡ്രിഡ്: ചൈനീസ് ഫുട്‌ബോള്‍ ലീഗിലേക്ക് ചേക്കാറാനുള്ള ഗാരെത് ബെയിലിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ചെനീസ് സൂപ്പര്‍ ലീഗ് ക്ലബ് ആയ ജിയാങ്‌സു സുനിങ് ബെയിലിന് വേണ്ടി നല്‍കാമെന്നേറ്റ തുക വളരെ കുറവാണെന്ന് ചൂണ്ടിക്കാണിച്ചാണ് റയല്‍ കൈമാറ്റ കരാറില്‍ നിന്നും പിന്മാറിയിരിക്കുന്നത്. ഇതോടെ പരിശീലകന്‍ സിനദിന്‍ സിദാനുമായുള്ള പിണക്കം ബെയ്‌ലിന് വിനയാകുമെന്ന് ഉറപ്പായി.

ബെയില്‍ എത്രയും വേഗത്തില്‍ ക്ലബ് വിടുന്നതാണ് നല്ലതെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പ് സിദാന്‍ വ്യക്തമാക്കിയത്. താരവുമായി കടുത്ത വിയോജിപ്പുകളുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്ന സിദാന്റെ വാക്കുകള്‍. റൊണാള്‍ഡൊ ക്ലബ് വിട്ടതിന് ശേഷം ഒരു സൂപ്പര്‍ താരമില്ലാതെ വലയുന്ന റയല്‍ പോള്‍ പോഗ്ബയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പൊഗ്ബ ടീമിലെത്തുന്നതോടെ ബെയിലിന്റെ ആവശ്യം ക്ലബിന് വേണ്ടിവരില്ല. ബെയിലിന്റെ ട്രാന്‍സ്ഫര്‍ തുക ഉപയോഗപ്പെടുത്തി പൊഗ്ബയെ എത്തിക്കാനായിരുന്നു ടീം ഉടമകളുടെ നീക്കം.

എന്നാല്‍ ബെയിലിന് ചൈനീസ് ക്ലബിലേക്ക് ചേക്കേറാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ കാര്യങ്ങള്‍ കുഴപ്പത്തിലാവുകയാണ്. പരിശീലകനുമായി പിണക്കത്തിലുള്ള ബെയ്‌ലിനെ ടീമില്‍ നിലനിര്‍ത്തുന്നത് ക്ലബിന്റെ പ്രകടനത്തെ ബാധിക്കുമെന്നാണ് ഉടമകളുടെ വിലയിരുത്തല്‍. റെക്കോര്‍ഡ് തുകയ്ക്കാണ് ടോട്ടനാമില്‍ നിന്ന് ബെയില്‍ റയലിലേക്ക് എത്തുന്നത്. സിദാനുമായി പ്രശ്‌നങ്ങളുണ്ടായതിന് ശേഷം താരം ടീമിന് ബാധ്യതയായി മാറിയെന്നാണ് ആരാധകര്‍ പോലും പറയുന്നത്. എന്തായാലും ചൈനീസ് ലീഗിലെ ട്രാന്‍സ്ഫര്‍ വിപണി അടയ്ക്കുന്നതിന് മുന്‍പ് റയല്‍ വിടാനാകും ബെയ്ല്‍ ശ്രമിക്കുക.