അരങ്ങേറ്റത്തില്‍ തകര്‍ത്തടിച്ച് ഹിറ്റ്മാന്‍; ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

സ്ഥിരതയാര്ന്ന ഓപ്പണര്മാര് ഇല്ലാതിരുന്നതോടെയാണ് ഹിറ്റ്മാനെ ഓപ്പണര് സ്ഥാനത്ത് പരീക്ഷിക്കാന് മാനേജ്മെന്റ് തീരുമാനിക്കുന്നത്.
 | 
അരങ്ങേറ്റത്തില്‍ തകര്‍ത്തടിച്ച് ഹിറ്റ്മാന്‍; ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

വിശാഖപട്ടണം: ടെസ്റ്റില്‍ ക്രിക്കറ്റില്‍ ഓപ്പണറായി അരങ്ങേറിയ ഹിറ്റ്മാന്റെ തേരിലേറി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ 202 റണ്‍സ് എടുത്തിട്ടുണ്ട്. മഴ വില്ലനായി എത്തിയതോടെ മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍കര്‍ക്ക് മേല്‍ സര്‍വ്വാധിപത്യം സ്ഥാപിച്ച രോഹിത് ശര്‍മ്മ 154 പന്തിലാണ് സെഞ്ചുറി തികച്ചത്. 4 സിക്‌സും 10 ഫോറും അടങ്ങുന്ന തകര്‍പ്പന്‍ ഇന്നിംഗ്‌സ്. മറുവശത്ത് മികച്ച പിന്തുണ നല്‍കി മായങ്ക അഗര്‍വാളും(183 പന്തില്‍ 84) ഉറച്ചു നിന്നതോടെ ഇന്ത്യക്ക് മികച്ച് തുടക്കം ലഭിച്ചു.

സ്ഥിരതയാര്‍ന്ന ഓപ്പണര്‍മാര്‍ ഇല്ലാതിരുന്നതോടെയാണ് ഹിറ്റ്മാനെ ഓപ്പണര്‍ സ്ഥാനത്ത് പരീക്ഷിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുന്നത്. പരീക്ഷണം വെറുതയായില്ലെന്ന് വേണം പറയാന്‍. സൂക്ഷ്മതയോടെ ബാറ്റ് വീശിയ രോഹിത് മോശം പന്തുകളെ അതിര്‍ത്തി കടത്തിയാണ് മുന്നേറിയത്. ദക്ഷിണാഫ്രിക്കന്‍ പേസ് ആക്രമണത്തെ കൃത്യതയോടെ പ്രതിരോധിക്കാനും ഇതോടെ കഴിഞ്ഞു. കാഗിസോ റബാഡയും വെര്‍നോണ്‍ ഫിലാന്‍ഡറും ന്യൂബോളില്‍ മികച്ച രീതിയില്‍ പന്തെറിയുന്നവരാണ്. സ്വിംഗ് ചെയ്യുന്ന പിച്ചില്‍ മായങ്ക അഗര്‍വാള്‍ പക്വതയോടെ കളിച്ചതാണ് കാര്യങ്ങള്‍ കൂടുതല്‍ അനുകുലമാവാന്‍ കാരണം.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി എന്നിവരാകും ഇന്ത്യയുടെ ബൗളിംഗ് കരുത്ത്. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും സ്പിന്‍ അറ്റാക്കിന് നേതൃത്വം നല്‍കും. പാര്‍ടൈം ബൗളറായി ഹനുമാ വിഹാരി മാത്രമാണ് ടീമിലുള്ളത്.