എറിഞ്ഞ് തകര്‍ത്ത് ഉമേഷും ഷമിയും; ഇന്ത്യയുടെ റണ്‍മലയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക

ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും അശ്വിനും ജഡേജയും ഒരു വിക്കറ്റ് വീതവും നേടി. മൂന്നിന് 36 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ആരംഭിച്ചത്.
 | 
എറിഞ്ഞ് തകര്‍ത്ത് ഉമേഷും ഷമിയും; ഇന്ത്യയുടെ റണ്‍മലയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക

പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍കൈ. ഇന്ത്യ ഉയര്‍ത്തിയ 601 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ പിന്തുടരുന്ന ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തിട്ടുണ്ട്. അര്‍ധ സെഞ്ച്വറിയുമായി നായകന്‍ ഡുപ്ലസിയും റണ്ണൊന്നുമെടുക്കാതെ വാലറ്റക്കാരന്‍ ഫിലാന്‍ഡറുമാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും അശ്വിനും ജഡേജയും ഒരു വിക്കറ്റ് വീതവും നേടി. മൂന്നിന് 36 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ആരംഭിച്ചത്.

ഡീന്‍ എല്‍ഗാര്‍(6). ഏയ്ഡന്‍ മാര്‍ക്രം(0), തെംബാ ബാവുമ(8) എന്നിവരുടെ വിക്കറ്റുകള്‍ ഇന്നലെ തന്നെ വീണിരുന്നു. മൂന്നാം ദിനം അഞ്ച് റണ്‍സ് ചേര്‍ക്കുന്നതിന് മുന്‍പ് ഇന്ത്യ നാലാം വിക്കറ്റെടുത്തു. നോര്‍ജെയെ മുഹമ്മദ് ഷമി സ്ലിപ്പില്‍ വിരാട് കോലിയുടെ കൈകളിലെത്തിച്ചു. പിന്നാലെ ഡി ബ്രൂയ്ന്‍, ഉമേഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച് നല്‍കി. പിന്നീടെത്തിയ ഡികോക്ക് ഡുപ്ലസിയുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും അധിക ദൂരം പോയില്ല. ഡികോക്കിന്റെ കുറ്റിപിഴുത് അശ്വന്‍ മത്സരം തിരികെ പിടിച്ചു. ലഞ്ചിന് ശേഷം സെന്യൂരന്‍ മുത്തുസ്വാമിയെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തതോടെ ഇന്ത്യ പൂര്‍ണ ആധിപത്യം സ്ഥാപിച്ചു.

നേരത്തെ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറിയാണ് (പുറത്താവാതെ 254) ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മായങ്ക് അഗര്‍വാളിന്റെ (195 പന്തില്‍ 108)സെഞ്ച്വറിയോടെയാണ് ഇന്ത്യ തുടങ്ങുന്നത്. പിന്നീട് ചേതശ്വര്‍ പൂജാരയുടെ(112 പന്തില്‍ 58) അര്‍ധ സെഞ്ച്വറി. നായകന്‍ കോലിക്ക് പിന്തുണ നല്‍കി രഹാനെയും(168 പന്തില്‍ 59) അര്‍ധ സെഞ്ച്വറി തികച്ചതോടെ ഇന്ത്യ വലിയ സ്‌കോറിലെത്തുമെന്ന് ഉറപ്പായി. അവസാന ഓവറുകളില്‍ ടി20 ശൈലിയില്‍ ബാറ്റുവീശിയ കോലിയും ജഡേജയും(104 പന്തില്‍ 91) ഇന്ത്യയെ അതിവേഗം 600ല്‍ എത്തിച്ചു. ആദ്യ ടെസ്റ്റ് സെഞ്ചുറിക്ക് ഒമ്പത് റണ്‍സകലെ ജഡേജ വീണതോടെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ഇന്ന് ദക്ഷിണാഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യിപ്പിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയത്തിന് സാഹചര്യമൊരുങ്ങും.