പൂനെയില്‍ ബൗളര്‍മാരുടെ തേര്‍വാഴ്ച്ച; ഇന്നിംഗ്‌സ് ജയം ലക്ഷ്യമിട്ട് ഇന്ത്യ

ഓപ്പണര് ഡീന് എല്ഗര് മാത്രമാണ് സന്ദര്ശകരുടെ നിരയില് തിളങ്ങിയത്. 72 പന്തില് നിന്ന് 48 റണ്സെടുത്ത എല്ഗറിനെ അശ്വിനാണ് വീഴ്ത്തിയത്.
 | 
പൂനെയില്‍ ബൗളര്‍മാരുടെ തേര്‍വാഴ്ച്ച; ഇന്നിംഗ്‌സ് ജയം ലക്ഷ്യമിട്ട് ഇന്ത്യ

പൂനെ: ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിംഗ്‌സിലും എറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍. ഇന്ത്യ ഉയര്‍ത്തിയ റണ്‍മലയ്ക്ക് മുന്നില്‍ പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക ഇപ്പോള്‍ ഫോളോ ഓണ്‍ ചെയ്യുകയാണ്. ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ ഉയര്‍ത്തിയ 601 റണ്‍സ് മറികടക്കണമെങ്കില്‍ ദക്ഷിണാഫ്രിക്ക് 252 റണ്‍സ് കൂടി നേടണം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് റണ്‍സുമായി ബവുമയും ഒരു റണ്ണുമായി ക്വിന്റണ്‍ ഡി കോക്കുമാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി രവിചന്ദ്ര അശ്വിന്‍ രണ്ടും ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ ഒരു വീക്കറ്റ് വീതവും വീഴ്ത്തി.

ഓപ്പണര്‍ ഡീന്‍ എല്‍ഗര്‍ മാത്രമാണ് സന്ദര്‍ശകരുടെ നിരയില്‍ തിളങ്ങിയത്. 72 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത എല്‍ഗറിനെ അശ്വിനാണ് വീഴ്ത്തിയത്. ആറ് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ ഇന്ത്യ പൂനെയില്‍ ചരിത്ര വിജയം സ്വന്തമാക്കും. മൂന്നിന് 36 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ആരംഭിച്ചത്. ഇന്ത്യന്‍ ബൗളര്‍മാര്‍ ആധിപത്യം സ്ഥാപിച്ച മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം പരാജയപ്പെട്ടു. വാലറ്റത്ത് വെര്‍മോണ്‍ ഫിലാന്‍ഡറും(പുറത്താവാതെ 44)*, കേശവ് മഹാരാജും(132 പന്തില്‍ 72) ദക്ഷിണാഫ്രിക്കയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. എന്നാല്‍ കേശവിനെ വീഴ്ത്തി അശ്വിന്‍ ഇന്ത്യയെ മത്സരത്തില്‍ തിരികെ കൊണ്ടുവന്നു. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചതോടെ അമ്പയര്‍മാര്‍ മൂന്നാം ദിനം കളി അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നാലാം ദിനം വിരാട് കോലി ദക്ഷിണാഫ്രിക്കയെ ഫോണോ ഓണിന് അയച്ചു. ഓപ്പണര്‍ മാക്രമിനെ രണ്ടാം പന്തില്‍ തന്നെ വീഴ്ത്തി ഇഷാന്ത് ശര്‍മ്മ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു. പിന്നാലെ ബ്രൂയ്‌നെ ഉമേഷ് സാഹയുടെ കൈകളിലെത്തിച്ചു. ആദ്യ ഇന്നിംഗ്‌സിലും ബ്രൂയ്ന്‍ ഉമേഷിന് വിക്കറ്റ് നല്‍കി മടങ്ങിയിരുന്നു. പിന്നാലെ എത്തിയ നായകന്‍ ഡുപ്ലസി നൈറ്റ് വാച്ച്മാന്‍ ജോലി ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. 54 പന്തില്‍ 5 റണ്‍സ് മാത്രമാണ് ഡുപ്ലസി നേടിയത്. എന്നാല്‍ അശ്വിന്‍ സ്പിന്‍ തന്ത്രത്തില്‍ വീണു.

നേരത്തെ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറിയാണ് (പുറത്താവാതെ 254) ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മായങ്ക് അഗര്‍വാളിന്റെ (195 പന്തില്‍ 108)സെഞ്ച്വറിയോടെയാണ് ഇന്ത്യ തുടങ്ങുന്നത്. പിന്നീട് ചേതശ്വര്‍ പൂജാരയുടെ(112 പന്തില്‍ 58) അര്‍ധ സെഞ്ച്വറി. നായകന്‍ കോലിക്ക് പിന്തുണ നല്‍കി രഹാനെയും(168 പന്തില്‍ 59) അര്‍ധ സെഞ്ച്വറി തികച്ചതോടെ ഇന്ത്യ വലിയ സ്‌കോറിലെത്തുമെന്ന് ഉറപ്പായിരുന്നു. അവസാന ഓവറുകളില്‍ ടി20 ശൈലിയില്‍ ബാറ്റുവീശിയ കോലിയും ജഡേജയും(104 പന്തില്‍ 91) ഇന്ത്യയെ അതിവേഗം 600ല്‍ എത്തിച്ചു. ആദ്യ ടെസ്റ്റ് സെഞ്ചുറിക്ക് ഒമ്പത് റണ്‍സകലെ ജഡേജ വീണതോടെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.