ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി20 ഇന്ന്; താരമാകാന്‍ നവ്ദീപ് സൈനി

അരങ്ങേറ്റ മത്സരത്തില് തന്നെ മിന്നും പ്രകടനം കാഴ്ച്ചവെച്ച നവ്ദീപ് സൈനിയിലാണ് ആരാധകരുടെ കണ്ണ്.
 | 
ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി20 ഇന്ന്; താരമാകാന്‍ നവ്ദീപ് സൈനി

ഫ്‌ളോറിഡ: ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഫ്‌ളോറിഡയില്‍. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ കോലിയും കൂട്ടരും നാല് വിക്കറ്റിന് വിജയിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അരങ്ങേറ്റ മത്സരത്തില്‍ തന്നെ മിന്നും പ്രകടനം കാഴ്ച്ചവെച്ച നവ്ദീപ് സൈനിയിലാണ് ആരാധകരുടെ കണ്ണ്.

ഇന്ത്യയുടെ സൂപ്പര്‍ താരം ജസ്പ്രീത് ബുമ്രയ്ക്ക് പകരമെത്തിയിരിക്കുന്ന സൈനി ഇന്ന് അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ലോകകപ്പിലെ പ്രാഥമിക റൗണ്ടില്‍ നിന്ന് പുറത്തായ ശേഷം മികച്ച തിരിച്ചുവരവ് നടത്താനുള്ള ശ്രമത്തിലാണ് കരീബിയന് സംഘം. ഇന്ന് വിജയിച്ച് പരമ്പര സമനിലയിലാക്കാനാവും വിന്‍ഡീസ് ശ്രമിക്കുക. എന്നാല്‍ മുന്‍നിര താരങ്ങളുടെ ഫോമില്ലായ്മ ടീമിന് വിനയാകും.

ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ ദയനീയ പ്രകടനം ടീമില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. 24 റണ്‍സ് നേടിയ രോഹിത് ശര്‍മയയായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍. വിജയിക്കാന്‍ വെറും 93 റണ്‍സ് മാത്രം വേണ്ടിയിരുന്ന മത്സരത്തില്‍ ഇന്ത്യ ഇഴഞ്ഞാണ് ലക്ഷ്യത്തിലെത്തിയത്. മത്സരത്തില്‍ ഗോള്‍ഡണ്‍ ഡെക്കായ ഋഷഭ് പന്തിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് വന്നിട്ടുണ്ട്.