ഇന്ത്യ-വിന്‍ഡീസ് പോരാട്ടം ഇന്ന്; നാലാം നമ്പറില്‍ അനിശ്ചിതാവസ്ഥ തുടരുന്നു

ഇന്ത്യക്ക് ഇന്ന് വിജയിച്ചാല് ഏതാണ്ട് സെമി ഉറപ്പിക്കാനുമാവും. നിലവില് ഒരു മത്സരത്തില് മാത്രമാണ് വിന്ഡീസ് വിജയിച്ചിരിക്കുന്നത്.
 | 
ഇന്ത്യ-വിന്‍ഡീസ് പോരാട്ടം ഇന്ന്; നാലാം നമ്പറില്‍ അനിശ്ചിതാവസ്ഥ തുടരുന്നു

ലണ്ടന്‍: ലോകകപ്പിലെ അഞ്ചാം ജയം തേടി കോലിയും കൂട്ടരും ഇന്നിറങ്ങും. വെസ്റ്റ് ഇന്‍ഡീസാണ് എതിരാളികള്‍. മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ സമയം മൂന്ന് മണിക്കാണ് പോരാട്ടം. ഇന്ന് വിജയിച്ചാല്‍ മാത്രമെ വിന്‍ഡീസിന് സെമി പ്രതീക്ഷ നിലനിര്‍ത്താനാവൂ. ഇന്ത്യക്ക് ഇന്ന് വിജയിച്ചാല്‍ ഏതാണ്ട് സെമി ഉറപ്പിക്കാനുമാവും. നിലവില്‍ ഒരു മത്സരത്തില്‍ മാത്രമാണ് വിന്‍ഡീസ് വിജയിച്ചിരിക്കുന്നത്. ഇന്ത്യയാകട്ടെ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് വലിയ ആത്മവിശ്വാസത്തിലാണ്.

അതേസമയം അഫ്ഗാനിസ്ഥാനെതിരെ മത്സരത്തേക്കാളും മികച്ച രീതിയില്‍ ബാറ്റ് വീശിയില്ലെങ്കില്‍ കരീബിയന്‍ പട ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാകും. ഋഷഭ് പന്തിനെ നാലാം നമ്പറില്‍ പരീക്ഷിക്കുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നാലാം നമ്പറില്‍ വിജയ് ശങ്കര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് ടീമിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ധവാന് പകരം ടീമിലെത്തിയ പന്തിന് ഇത്തവണ അവസരം നല്‍കണമെന്നാണ് നിരീക്ഷകരുടെയും അഭിപ്രായം. എന്നാല്‍ വിജയ് ശങ്കറിനെ അത്യാവശ്യഘട്ടങ്ങളില്‍ ബൗളറായും ഉപയോഗിക്കാമെന്നത് സാധ്യതയായി നിലവിലുണ്ട്.

മധ്യനിരയാണ് ഇപ്പോള്‍ കാര്യമായി ഉടച്ചുവാര്‍ക്കേണ്ടത്. കേദാര്‍ ജാദവിന് പകരം രവീന്ദ്ര ജഡേജ ടീമിലെത്തിയേക്കും. അതേസമയം മുഹമ്മദ് ഷമി തന്നെയാവും ബുംമ്രയ്‌ക്കൊപ്പം ഓപ്പണിംഗ് സ്‌പെല്ലിനെത്തുക. ആദ്യ ഓവറുകളില്‍ വിന്‍ഡീസ് പാളയത്തില്‍ നാശം വിതയ്ക്കാനായാല്‍ ഇന്ത്യക്ക് വലിയ മുന്‍തൂക്കം നേടാന്‍ സാധിക്കുമെന്നാണ് നീരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

വിന്‍ഡീസിനെതിരായ മത്സരത്തിലും ബാറ്റ്സ്മാന്‍മാരുടെ പേടിസ്വപ്നമാകാന്‍ ബുമ്രയുടെ യോര്‍ക്കറുകള്‍ക്ക് സാധിക്കുമെന്നാണ് ആരാധക പ്രതീക്ഷ. അഫ്ഗാനെതിരായ മത്സരത്തില്‍ ബുംമ്ര എറിഞ്ഞ 49-ാം ഓവര്‍ അതീവ നിര്‍ണായകമായിരുന്നു. ആറ് പന്തുകളും ഷാര്‍പ്പ് യോര്‍ക്കറുകളെറിഞ്ഞ താരം ഇതിഹാസ താരങ്ങളെ വരെ ഞെട്ടിച്ചു. ലോകകപ്പിന് മുന്‍പ് തന്നെ ബുംമ്രയുടെ യോര്‍ക്കറുകള്‍ നിരീക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ബാറ്റ്സ്മാന്‍മാര്‍ക്ക് മുന്‍കൂട്ടി അറിയാന്‍ കഴിയാത്ത വേഗതയിലാണ് ബുംമ്ര യോര്‍ക്കറുകള്‍ എറിയുന്നത്.

വെടിക്കെട്ട് ബാറ്റ്സ്മാന്‍മാരുടെ നിരയാണ് വിന്‍ഡീസിന്റേത്. ക്രിസ് ഗെയില്‍, ഹെറ്റ്മെയര്‍, ആേ്രന്ദ റസല്‍, നിക്കോളാസ് പൂറാന്‍ എന്നിവര്‍ പൂര്‍ണമായും ട്വന്റി-20 ശൈലിയിലാണ് ബാറ്റ് വീശുന്നത്. വിക്കറ്റുകള്‍ ലക്ഷ്യമാക്കിയുള്ള ഗുഡ് യോര്‍ക്കറുകള്‍ കളിക്കാന്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍മാര്‍ നന്നായി വിയര്‍ക്കുമെന്ന് തീര്‍ച്ച. വിന്‍ഡീസിനെതിരെ വിജയിച്ച് സെമി ഫൈനല്‍ പ്രവേശനം വേഗത്തിലാക്കാനാവും ഇന്ത്യ ശ്രമിക്കുക.