സ്റ്റമ്പില്‍ പന്ത് തട്ടിയിട്ടും ഔട്ടായില്ല; ഇത് ക്രിസ് ലിന്നിന് മാത്രം ലഭിച്ച അപൂര്‍വ്വ ഭാഗ്യം

രസകരമായ സംഭവത്തിന് സാക്ഷിയായിരിക്കുകയാണ് രാജസ്ഥാന് റോയല്സും കൊല്ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം.
 | 
സ്റ്റമ്പില്‍ പന്ത് തട്ടിയിട്ടും ഔട്ടായില്ല; ഇത് ക്രിസ് ലിന്നിന് മാത്രം ലഭിച്ച അപൂര്‍വ്വ ഭാഗ്യം

ജയ്പൂര്‍: ബാറ്റ്‌സ്മാനെ മറികടന്ന് സ്റ്റമ്പിലേക്ക് പന്തെത്തിക്കാനായിരിക്കും എപ്പോഴും ബൗളര്‍മാര്‍ ശ്രമിക്കുക. പലയാവര്‍ത്തി യോര്‍ക്കറുകളും സിംഗുകളും ചെയ്ത പരീക്ഷിച്ച് അവസാനം ലഭിച്ച  വിക്കറ്റിന് ഭാഗ്യത്തിന്റെ പിന്തുണയില്ലാതെ പോയാലോ! അത്തരമൊരു രസകരമായ സംഭവത്തിന് സാക്ഷിയായിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം. രാജസ്ഥാന്‍ ഉയര്‍ത്തിയ 140 റണ്‍സ് പിന്തുടരുകയായിരുന്ന കൊല്‍ക്കത്ത ആദ്യഘട്ടത്തില്‍ പരുങ്ങലിലായിരുന്നു.

പ്രതീക്ഷയായി ക്രീസില്‍ ക്രിസ് ലിന്‍ നിലയുറപ്പിക്കാന്‍ തുടങ്ങുന്നതിനിടയിലാണ് അവിചാരിത സംഭവങ്ങള്‍. ധവാല്‍ കുല്‍ക്കര്‍ണിയുടെ പന്ത് നേരിട്ട ക്രിസ് ലിന്നിനെ മറികടന്ന് സ്റ്റമ്പില്‍ തട്ടി. സ്റ്റമ്പിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോണിക് ലൈറ്റ് പ്രകാശിക്കുകയും ചെയ്തു. ലിന്‍ തിരികെ നടക്കാനൊരുങ്ങുന്നതിനിടെയാണ് അംമ്പയര്‍ ഔട്ട് വിളിച്ചിട്ടില്ലെന്ന് മനസിലായത്. പന്ത് കുറ്റിയില്‍ തട്ടിയിട്ടും ബെയില്‍സ് താഴെ വീഴാത്തതായിരുന്നു കാരണം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കാഴ്ച്ചയായിരുന്നു അത്.

ലിന്നിന് ലഭിച്ച നേട്ടം കൊല്‍ക്കത്തയുടെ വിജയത്തിനും കാരണമായി എന്നതാണ് മറ്റൊരു രസകരമായ വസ്തുത. 11 റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴാണ് ഭാഗ്യം തേടിയെത്തിയത്. പിന്നീട് അര്‍ധ സെഞ്ച്വറി നേടിയ ശേഷമാണ് ലിന്‍ കളംവിട്ടത്. നേരത്തെ ജയ്പൂരിലെ സവായ്മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ ശക്തമായ പൊടിക്കാറ്റുണ്ടായിരുന്നു. മത്സരം ആരംഭിക്കാന്‍ വൈകുമെന്നായിരുന്നു കരുതിയത്. എന്നാല്‍ അതുവരെയുണ്ടായിരുന്ന കാറ്റ് പോലും രാജസ്ഥാന്റെ രക്ഷക്കെത്തിയില്ലെന്നതാണ് രസകരം.