ഇഷാന്ത്, ബുമ്ര, ഷമി; ടെസ്റ്റില്‍ ഇന്ത്യന്‍ പേസ് ത്രയത്തെ മറികടക്കാന്‍ ആരുണ്ട്!

ഇക്കാലയളവില് ഷമി 58 വിക്കറ്റുകള് നേടി. ഇഷാന്ത് ശര്മ്മയാകട്ടെ 52 വിക്കറ്റുകളാണ് സ്വന്തം പേരില് കുറിച്ചത്.
 | 
ഇഷാന്ത്, ബുമ്ര, ഷമി; ടെസ്റ്റില്‍ ഇന്ത്യന്‍ പേസ് ത്രയത്തെ മറികടക്കാന്‍ ആരുണ്ട്!

കിംഗ്സ്റ്റണ്‍: ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിംഗ് ത്രയമാണ് ഇന്ന് ഇന്ത്യക്കുള്ളത്. ഓസീസിനോ ന്യൂസിലാന്‍ഡിനോ വിന്‍ഡീസിനോ മാത്രം അവകാശപ്പെട്ടിരുന്ന ഇതിഹാസ ത്രയങ്ങള്‍ക്ക് സമാനമായി ഇന്ത്യന്‍ പേസര്‍മാര്‍ വളരുകയാണ്. കരീബിയന്‍ മണ്ണില്‍ ചരിത്രം കുറിച്ചാണ് ഇന്ത്യ മടങ്ങുന്നതെന്നും ഇതിനൊടപ്പം കൂട്ടി വായിക്കാം. 2018-ന് ശേഷം 62 ടെസ്റ്റ് വിക്കറ്റുകളാണ് ബുംറയുടെ അക്കൗണ്ടിലുള്ളത്. ഇക്കാലയളവില്‍ ഷമി 58 വിക്കറ്റുകള്‍ നേടി. ഇഷാന്ത് ശര്‍മ്മയാകട്ടെ 52 വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്.

വിന്‍ഡീസ് ആരാധകര്‍ പോലും എഴുന്നേറ്റ് നിന്ന് കയ്യടിച്ച പ്രകടനമായിരുന്നു കിംഗ്സ്റ്റണില്‍ ഇന്നലെ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര നടത്തിയത്. പിന്നാലെ ബുമ്രയെ അഭിനന്ദിച്ച് വിന്‍ഡീസ് ഇതിഹാസ താരം ഇയാന്‍ ബിഷപ്പ് തന്നെ രംഗത്ത് വന്നു. ‘ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണാനാവുന്ന പ്രതിഭയാണ് ബുമ്ര’ എന്നാണ് ഇയാന്‍ ബിഷപ്പ് താരത്തെ വിശേഷിപ്പിച്ചത്.

കിംഗ്‌സറ്റണ്‍ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിലെ ഒമ്പതാം ഓവറില്‍ ബുമ്രയുടെ സംഹാര താണ്ഡവത്തിനാണ് കാണികള്‍ സാക്ഷിയായത്. രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ സ്ലിപ്പില്‍ വിരാട് കോലിയുടെ കൈകളിലെത്തിച്ച് ബുമ്ര തുടങ്ങി. തൊട്ടടുത്ത പന്തുകളില്‍ ബ്രൂക്ക്സിനെയും ചെയ്സിനെയും എല്‍.ബി.ഡബ്ല്യുവില്‍ കുടുക്കി ബുമ്രയുടെ ഹാട്രിക്.

ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പഠാന്‍ എന്നീ താരങ്ങള്‍ മാത്രമുണ്ടായിരുന്ന ടെസ്റ്റ് ഹാട്രിക് പട്ടികയിലേക്ക് ബുമ്ര എക്സ്പ്രസ് സ്വന്തം പേര് കൂടി ചേര്‍ത്തു. ബാറ്റ്സ്മാന്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗതയിലും കൃത്യയിലുമുള്ള യോര്‍ക്കറുകള്‍. ന്യൂബോളില്‍ ഇരുവശത്തേക്കും അനായാസം സ്വിംഗുകള്‍ എറിയാനുള്ള മികവ്. നിലവില്‍ കളിക്കുന്ന മറ്റേത് ബൗളറേക്കാളും കൃത്യത പാലിക്കാന്‍ കഴിയുന്നതാണ് ബുമ്രയുടെ പ്രത്യേകത. ഒന്‍പത് ഓവറില്‍ മൂന്ന് മെയ്ഡന്‍ ഉള്‍പ്പെടെ ആറ് വിക്കറ്റാണ് ബുമ്ര വിഴ്ത്തിയത്.

രണ്ടാം ഇന്നിംഗ്‌സില്‍ ഷമിയുടെ ഊഴമായിരുന്നു. ബുമ്രയും ഇഷാന്തും ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍ ഷമി കുറച്ച് റണ്‍സ് അധികം വിട്ടുനല്‍കി വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ കളിക്കാന്‍ അനുവദിച്ചു. എന്നാല്‍ മോശം പന്തുകള്‍ക്കിടയില്‍ വിക്കറ്റ് വീഴ്ത്താനുള്ള അടവും ഷമി പയറ്റിയതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായി. നിര്‍ണായകമായ മൂന്ന് വിക്കറ്റുകള്‍ സ്വന്തം പേരിലാക്കുകയും ചെയ്തു.

ന്യൂബോള്‍ നന്നായി സ്വിംഗ് ചെയ്യിപ്പിക്കാന്‍ കഴിയുന്നതാണ് ഇഷാന്തിന്റെ മികവ്. ഒരു കാലത്തെ വിന്‍ഡീസ്, ഓസ്ട്രേലിയ, പാകിസ്ഥാന്‍ ഇതിഹാസങ്ങളായ ബൗളര്‍മാരെ ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഇന്ത്യന്‍ പേസ് നിരയെന്ന് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ലക്ഷ്മിപതി ബാലാജി പറയുന്നു.