വിവാദം, പരിക്ക്, ‘നിര്‍’ ഭാഗ്യം; 12 പേരുമായി കളിച്ച് ഇന്ത്യ ഓസീസിനെതിരെ നേടിയ വിജയം

പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി ചഹലിനെ ഇറക്കാന് അനുമതി നല്കിയ മാച്ച് റഫറിയുടെ തീരുമാനമാണ് വിവാദത്തിന് തിരികൊളുത്തിയത്.
 | 
വിവാദം, പരിക്ക്, ‘നിര്‍’ ഭാഗ്യം; 12 പേരുമായി കളിച്ച് ഇന്ത്യ ഓസീസിനെതിരെ നേടിയ വിജയം

കാന്‍ബറ: ഓസീസിനെതിരായ ഇന്ത്യയുടെ ട്വന്റി-20 വിജയത്തിന് പിന്നാലെ വിവാദങ്ങളും ശക്തമാവുകയാണ്. അസാധ്യമെന്ന് തോന്നിയ വിജയം ബൗളര്‍മാരുടെ മിന്നും പ്രകടനത്തോടെയാണ് ഇന്ത്യ കൈപ്പിടിയിലൊതുക്കിയത്. വിജയത്തില്‍ നിര്‍ണായകമായത് 12ാമനായി ഇറങ്ങിയ യുവേന്ദ്ര ചഹലിന്റെ പ്രകടനവും. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി ചഹലിനെ ഇറക്കാന്‍ അനുമതി നല്‍കിയ മാച്ച് റഫറിയുടെ തീരുമാനമാണ് വിവാദത്തിന് തിരികൊളുത്തിയത്.

ജഡേജയ്ക്ക് മത്സരത്തിനിടെ പരിക്കേറ്റതോടെ പകരക്കാരനായി ചഹലിനെ ഇറക്കാന്‍ നായകന്‍ കോലി മാച്ച് റഫറിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഐസിസി ഇറക്കിയ നിയമപ്രകാരം ഇത് നിയമവിധേയമാണ്. ജഡേജയ്ക്ക് പകരമായി ചഹലിന് പന്തെറിയാം. എന്നാല്‍ ഓസീസ് നായകനും കോച്ചും ഇക്കാര്യത്തില്‍ മാച്ച് റഫറിയെ അതൃപ്തി അറിയിച്ചിരുന്നു.

23 പന്തില്‍ 44 റണ്‍സ് അടിച്ചുകൂട്ടിയ ജഡേജയ്ക്ക് അവസാന ഓവറിലാണ് പരിക്കേല്‍ക്കുന്നത്. ചുരുക്കത്തില്‍ റഫറിയുടെ തീരുമാനം ഇന്ത്യക്ക് അനുകൂലമായി. നിര്‍ണായകമായ മൂന്ന് വിക്കറ്റുകളെടുത്ത ചഹല്‍ കളിയിലെ കേമനായി തെരഞ്ഞെടുക്കുപ്പെടുകയും ചെയ്തു. എന്നാല്‍ ഫോമില്‍ കളിക്കുന്ന ജഡേജയുടെ പരിക്ക് ഗുരുതരമായാല്‍ ഇന്ത്യക്ക് വരും മത്സരങ്ങളില്‍ തിരിച്ചടിയാകും.