അപൂര്‍വ്വം ഈ പ്രതിഭ; കിംഗ്സ്റ്റണിലെ ബുമ്ര മാജിക്കിനെ പ്രശംസിച്ച് വിന്‍ഡീസ് ഇതിഹാസം

എന്നാല് ഒമ്പതാം ഓവറില് ബുമ്ര സംഹാര താണ്ഡവമാടി.
 | 
അപൂര്‍വ്വം ഈ പ്രതിഭ; കിംഗ്സ്റ്റണിലെ ബുമ്ര മാജിക്കിനെ പ്രശംസിച്ച് വിന്‍ഡീസ് ഇതിഹാസം

കിംഗ്സ്റ്റണ്‍: വിന്‍ഡീസ് ആരാധകര്‍ പോലും എഴുന്നേറ്റ് നിന്ന് കയ്യടിച്ച പ്രകടനമായിരുന്നു കിംഗ്സ്റ്റണില്‍ ഇന്നലെ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര നടത്തിയത്. പിന്നാലെ ബുമ്രയെ അഭിനന്ദിച്ച് വിന്‍ഡീസ് ഇതിഹാസ താരം ഇയാന്‍ ബിഷപ്പ് തന്നെ രംഗത്ത് വന്നു. ‘ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണാനാവുന്ന പ്രതിഭയാണ് ബുമ്ര’ എന്നാണ് ഇയാന്‍ ബിഷപ്പ് താരത്തെ വിശേഷിപ്പിച്ചത്.

ആദ്യ അഞ്ച് ഓവറില്‍ മികച്ച രീതിയില്‍ ഇന്ത്യന്‍ പേസ് ആക്രമണത്തെ പ്രതിരോധിച്ച വിന്‍ഡീസ് ബാറ്റിംഗ് തകര്‍ത്തെറിഞ്ഞ പ്രകടനമായിരുന്നു ബുമ്രയുടേത്. ഏഴാം ഓവറിലെ നാലാം പന്തില്‍ ജോണ്‍ കാംപെല്ലിന് മടക്കി അയച്ച് ബുമ്ര വിന്‍ഡീസിന് അപായ സൂചന നല്‍കി. എട്ടാം ഓവറില്‍ ഇഷാന്ത് ശര്‍മ്മയെ കരീബിയന്‍ നിര അനായാസം പ്രതിരോധിച്ചു. എന്നാല്‍ ഒമ്പതാം ഓവറില്‍ ബുമ്ര സംഹാര താണ്ഡവമാടി. രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ സ്ലിപ്പില്‍ വിരാട് കോലിയുടെ കൈകളിലെത്തിച്ച് ബുമ്ര തുടങ്ങി. തൊട്ടടുത്ത പന്തുകളില്‍ ബ്രൂക്ക്‌സിനെയും ചെയ്‌സിനെയും എല്‍.ബി.ഡബ്ല്യുവില്‍ കുടുക്കി ബുമ്രയുടെ ഹാട്രിക്.

ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പഠാന്‍ എന്നീ താരങ്ങള്‍ മാത്രമുണ്ടായിരുന്ന ടെസ്റ്റ് ഹാട്രിക് പട്ടികയിലേക്ക് ബുമ്ര എക്‌സ്പ്രസ് സ്വന്തം പേര് കൂടി ചേര്‍ത്തു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളര്‍മാരുടെ പട്ടികയിലേക്കാണ് ബുമ്ര കുതിക്കുന്നത്. ബാറ്റ്‌സ്മാന്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗതയിലും കൃത്യയിലുമുള്ള യോര്‍ക്കറുകള്‍. ന്യൂബോളില്‍ ഇരുവശത്തേക്കും അനായാസം സ്വിംഗുകള്‍ എറിയാനുള്ള മികവ്. നിലവില്‍ കളിക്കുന്ന മറ്റേത് ബൗളറേക്കാളും കൃത്യത പാലിക്കാന്‍ കഴിയുന്നതാണ് ബുമ്രയുടെ പ്രത്യേകത.

ഒന്‍പത് ഓവറില്‍ മൂന്ന് മെയ്ഡന്‍ ഉള്‍പ്പെടെ ആറ് വിക്കറ്റാണ് ബുമ്ര വിഴ്ത്തിയത്. കഴിഞ്ഞ മത്സരത്തില്‍ എട്ട് ഓവറില്‍ വെറും ഏഴ് റണ്‍സിനാണ് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഇതില്‍ നാലെണ്ണം ബൗള്‍ഡായിരുന്നു. ടെസ്റ്റില്‍ ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്ത് അഞ്ചോ അതിലധികമോ വിക്കറ്റ് നേടുന്ന ഏഷ്യന്‍ ബൗളറെന്ന ബഹുമതിയും ബുമ്രയുടെ പേരിലാണ്. 12 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ വെങ്കിടപതി രാജുവിന്റെ പ്രകടനമാണ് ബുമ്ര മറികടന്നത്.