ഗുജറാത്തിനെ എറിഞ്ഞിട്ട് കേരളം; ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിഫൈനലില്‍

രഞ്ജി ട്രോഫി ക്വാര്ട്ടര് ഫൈനലില് ഗുജറാത്തിനെ എറിഞ്ഞിട്ട് കേരളം സെമിഫൈനലിലേക്ക് യോഗ്യത നേടി. ചരിത്രത്തില് ആദ്യമായിട്ടാണ് കേരളം രഞ്ജി സെമിഫൈനലിലേക്ക് യോഗ്യത നേടുന്നത്.
 | 
ഗുജറാത്തിനെ എറിഞ്ഞിട്ട് കേരളം; ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിഫൈനലില്‍

കൃഷ്ണഗിരി: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനെ എറിഞ്ഞിട്ട് കേരളം സെമിഫൈനലിലേക്ക് യോഗ്യത നേടി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് കേരളം രഞ്ജി സെമിഫൈനലിലേക്ക് യോഗ്യത നേടുന്നത്. 195 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ വെറും 81 റണ്‍സിന് ബേസില്‍ തമ്പിയും കൂട്ടരും എറിഞ്ഞിട്ടു. ബേസില്‍ തമ്പി അഞ്ച് വിക്കറ്റും സന്ദീപ് വാര്യര്‍ നാല് വിക്കറ്റും വീഴ്ത്തി. 2017ലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ഗുജറാത്ത് കേരളത്തിന് വലിയ ഭീഷണിയാകുമെന്നായിരുന്നു മത്സരത്തിന് മുന്‍പുള്ള വിലയിരുത്തല്‍. എന്നാല്‍ കൃഷ്ണഗിരിയിലെ പിച്ച് കേരളത്തിന് അനുകൂല സാഹചര്യം സൃഷ്ടിച്ചു.

ആദ്യ ഇന്നിംഗിസില്‍ 185 റണ്‍സ് മാത്രമായിരുന്നു കേരളത്തിന്റെ നേടാന്‍ കഴിഞ്ഞത്. ബൗളര്‍മാര്‍ മികച്ച ഫോമിലേക്ക് ഉയര്‍ന്നതോടെ കാര്യങ്ങള്‍ കേരളത്തിന് അനുകൂലമായി. ഗുജറാത്തിനെ ആദ്യ ഇന്നിംഗ്‌സില്‍ 162 റണ്‍സിന് കേരളം എറിഞ്ഞിട്ടു. സന്ദീപ് വാര്യരും (നാലു വിക്കറ്റ്) ബേസില്‍ തമ്പിയും എം.ഡി. നിധേഷും ചേര്‍ന്നാണ് ഗുജറാത്തിനെ ചുരുട്ടിക്കെട്ടിയത്. സന്ദീപിന്റെയും ബേസിലിന്റെയും പ്രകടനം നിര്‍ണായകമായി. 56 റണ്‍സെടുത്ത സിജോ മോന്റെയും പുറത്താകാതെ 44 റണ്‍സെടുത്ത ജലജ് സക്സേനയുടെയും ഇന്നിങ്സിന്റെ ബലത്തില്‍ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ 171 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിന് മേല്‍ തുടക്കത്തില്‍ തന്നെ ശക്തമായ ആധിപത്യം സ്ഥാപിക്കാന്‍ കേരളത്തിന് പേസ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. ബാറ്റ്‌സ്മാന്മാര്‍ക്ക് ശവക്കുഴിയായിരുന്നു കൃഷ്ണഗിരിയിലെ പിച്ച്. പന്തിന്റെ ഗതിപോലും മനസിലാക്കാനാവാതെ ഗുജറാത്ത് ബാറ്റ്‌സ്മാന്മാര്‍ വിയര്‍ത്തു. അസാമാന്യമായ വേഗതയില്‍ സിംഗ് ചെയ്ത ബേസിലിന്റെ പന്തുകള്‍ക്ക് മുന്നില്‍ പാര്‍ഥീവ് പട്ടേലിന്റെ ഗുജറാത്ത് തകര്‍ന്നടിഞ്ഞു. രാഹുല്‍ വി. ഷായ്ക്കും (33 നോട്ടൗട്ട്) ധ്രുവ് റാവലിനും (17) മാത്രമാണ് ചെറുതായെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്.