Monday , 20 May 2019
Kalyan
News Updates

എന്താണ് മെസിയെക്കുറിച്ച് മാത്രം ആരാധകര്‍ ഇത്രയധികം സംസാരിക്കുന്നത്; കാരണങ്ങള്‍ ഇതാണ്!

ബാഴ്‌സലോണയിലെ പന്ത് തട്ടാനിറങ്ങുമ്പോള്‍ കുഞ്ഞു മെസിക്ക് മറ്റുള്ളവരെക്കാള്‍ ഉയരം കുറവായിരുന്നു. ഹോര്‍മോണ്‍ ചികിത്സ നിര്‍ബന്ധമായും ചെയ്താലേ മെസിയുടെ വളര്‍ച്ച കൃത്യമാവുകയുള്ളുവെന്ന് ഡോക്ടര്‍മാരും വിധിയെഴുതി. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച മെസിയുടെ പിതാവിന് താങ്ങാവുന്നതിലും ഏറെയായിരുന്നു ചികിത്സാച്ചെലവ്. എന്നാല്‍ ക്ലബ് ലയണല്‍ മെസിക്ക് വേണ്ടി പണം മുടക്കി. പ്രതിസന്ധികളിലൂടെയാണ് മെസിയെന്ന കാല്‍പന്ത് കളിയുടെ രാജകുമാരന്‍ വളര്‍ന്നത്. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത നിരവധി റെക്കോര്‍ഡുകളുടെ ഉടമ. ഷൈജു ദാമോദരന്റെ കമന്ററി ഭാഷയില്‍ പറഞ്ഞാല്‍ ആയിരം കാലുകളുമായി മൈതാനത്ത് പന്തുമായി കുതിക്കുന്ന പോരാളി. മെസിക്ക് ഇത്രയധികം ആരാധകരുണ്ടാവാന്‍ കൃത്യമായ കാരണങ്ങളുണ്ട്. അര്‍ജന്റീനിയന്‍ ടീമിലും ബാഴ്‌സലോണയിലും അയാള്‍ പ്രസക്തനാവുന്നതും അതിനാലാണ്.

സ്പാനിഷ് ലാലിഗയില്‍ 34 ഗോളുകളുമായി ടോപ് സ്‌കോററായിരുന്നു ഇത്തവണ മെസി. നിരവധി മത്സരങ്ങള്‍ ബാക്കി നില്‍ക്കെ കിരീടം ഉറപ്പിച്ചിരുന്നു ബാഴ്‌സ. നെയ്മറില്ലാത്ത ടീമിനെ ഒറ്റയ്ക്ക് മുന്നോട്ടു നയിച്ചതും മെസി തന്നെയാണ്. മുന്നേറ്റത്തില്‍ ഷാവിയും സുവാരസും മെസിക്ക് പിന്തുണയാണെങ്കില്‍ അര്‍ജന്റീനയിലെത്തുമ്പോള്‍ ഹിഗ്വെയ്‌നും സെര്‍ജിയോ അഗ്വേറയും ആ സ്ഥാനം ഏറ്റെടുക്കും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രധാന താരങ്ങളില്‍ ഒരാളാണ് അഗ്വേറോ. മെസിയുടെ മുന്നേറ്റങ്ങള്‍ക്ക് ശക്തമായി പിന്തുണ നല്‍കാന്‍ കഴിയുന്ന താരമാണ് ഹിഗ്വെയ്ന്‍. പ്രായം തടസമാണെങ്കിലും ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ ആക്രമണങ്ങള്‍ക്ക് ഇപ്പോഴും വലിയ സാധ്യതയുണ്ട്. ക്ലബിനായി പുറത്തെടുക്കുന്ന കളി മികവിന്റെ പാതി പോലും രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ മെസി പുറത്തെടുക്കാറില്ലെന്ന വിമര്‍ശനത്തിന് താരത്തിന്റെ കരിയറിനോളം പഴക്കമുണ്ട്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാകുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

സ്‌പെയിനില്‍ മെസ്സി മിന്നിത്തിളങ്ങിയ ക്ലബ് സീസണിനു പിന്നാലെയാണു ലോകകപ്പെന്നതും പ്രതീക്ഷ ഉയര്‍ത്തുന്നു. യോഗ്യതാ ഘട്ടത്തില്‍ അര്‍ജന്റീനയ്ക്കായി എട്ടു മല്‍സരങ്ങള്‍ക്കിറങ്ങിയ ഡിബാലയും ഏഴു മല്‍സരങ്ങള്‍ക്കിറങ്ങിയ അഗ്യൂറോയും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും അവിടെ മെസിയുടെ പ്രകടനം നിര്‍ണായകമായിരുന്നു. അഗ്യൂറോയുടെ അസിസ്റ്റുകള്‍ പക്ഷേ മെസിയുടെ സൂപ്പര്‍ ഫിനിഷുകളാകുന്നത് കാണാമായിരുന്നു. ആരാധകരുടെ പ്രതീക്ഷ ഉണര്‍ത്തുന്നതും മെസിയുടെ പ്രകടനാമാണ്. മൈതാനത്ത് നിയന്ത്രണങ്ങളില്ലാതെ മെസിയെ നിയമിക്കാന്‍ കോച്ചിന് തയ്യാറാകുമോയെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും അദ്ദേഹത്തിന്റെ പ്രകടനം.

സീസണിലെ ഗോള്‍ നേട്ടത്തിലും, ഹാട്രിക്ക് ഗോളുകളിലും, ഫ്രീക്കിക്ക്, പെനാല്‍റ്റി ഗോളുകളിലുമെല്ലാം മുന്നില്‍ മെസിയാണ്. ഈജ്പിറ്റിന്റെ മുഹമ്മദ് സലാഹും(ലിവര്‍പൂള്‍) പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാന്യോ റൊണാള്‍ഡോയുമെല്ലാം(റയല്‍ മാഡ്രിഡ്) ഇതിന് പിറകിലാണ്. ഫുട്‌ബോള്‍ കളി പ്രവചിക്കുക അസാധ്യമാണ്. 90 മിനിറ്റുകളിലെ പോരാട്ടം ആര്‍ക്കും വേണമെങ്കിലും വിജയിക്കാന്‍ കഴിയും. എന്തായാലും റഷ്യയിലറിയാം മെസിയുടെയും അര്‍ജന്റീനയുടെയും കരുത്ത്.

DONT MISS