ഇന്ത്യക്കെതിരെ തോല്‍വി വഴങ്ങിയതിന് പിന്നാലെ സ്വന്തം കളിക്കാരെ അപമാനിച്ച് പാക് ആരാധകര്‍

മാഞ്ചസ്റ്ററിലെ കളി അവസാനിച്ചതിന് ശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന സ്വന്തം കളിക്കാര്ക്ക് എതിരെയാണ് പാക് ആരാധകര് അസഭ്യവര്ഷം നടത്തിയത്.
 | 
ഇന്ത്യക്കെതിരെ തോല്‍വി വഴങ്ങിയതിന് പിന്നാലെ സ്വന്തം കളിക്കാരെ അപമാനിച്ച് പാക് ആരാധകര്‍

മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരെ തോല്‍വി വഴങ്ങിയതിന് പിന്നാലെ സ്വന്തം കളിക്കാരെ അപമാനിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍. മാഞ്ചസ്റ്ററിലെ കളി അവസാനിച്ചതിന് ശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന സ്വന്തം കളിക്കാര്‍ക്ക് എതിരെയാണ് പാക് ആരാധകര്‍ അസഭ്യവര്‍ഷം നടത്തിയത്. പാക് ബാറ്റ്‌സ്മാന്‍മാരായ ഇമാദ് വാസിമിനെയും ഷദാബ് ഖാനെയും ആരാധകര്‍ കൂവി വിളിച്ചു.

സ്‌പോര്‍ഡ്‌സ്മാന്‍ സ്പിരിറ്റില്‍ കാര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് പാക് ആരാധകരെന്ന് മുന്‍പും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫുട്‌ബോളിലെ ഹൂളിഗന്‍ ആരാധകര്‍ക്ക് സമാനമായ സ്വഭാവമാണ് മാഞ്ചസ്റ്ററില്‍ പാക് ആരാധകര്‍ പുറത്തെടുത്തത്. മൈതാനത്ത് ഇരു ടീമുകളുടെയും കളിക്കാര്‍ അതീവ സൗഹൃദത്തിലാണ് കളിച്ചതെങ്കിലും ആരാധകരുടെ പ്രതികരണങ്ങള്‍ നേരെ മറിച്ചായിരുന്നു.

ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിലൊന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത്. ആതിഥേയരായ ഇംഗ്ലണ്ടിന്റെ മത്സരങ്ങളേക്കാള്‍ കൂടുതല്‍ ആരാധകര്‍ ഇന്ത്യ-പാക് പോരാട്ടം കാണാന്‍ ഇന്നലെ മാഞ്ചസ്റ്ററിലെ സ്റ്റേഡിയത്തിലെത്തിയിരുന്നു. ബോളിവുഡ് സെലിബ്രറ്റികളും മത്സരം വീക്ഷിക്കാനെത്തിയതോടെ ചിരവൈരികളുടെ പോരാട്ടം വലിയ ശ്രദ്ധ നേടി.

അഭിമാനപ്പോരില്‍ 89 റണ്‍സിനാണ് ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത്തിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ 336 റണ്‍സെന്ന കുറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മഴ മൂലം തടസപ്പെട്ട കളി പിന്നീട് 40 ഓവറാക്കി ചുരുക്കിയിരുന്നു. പുനര്‍നിശ്ചയിച്ചത് പ്രകാരം 40 ഓവറില്‍ 301 റണ്‍സായിരുന്നു പാകിസ്ഥാന്‍ വിജയിക്കാനാവശ്യം. എന്നാല്‍ പാക് ഇന്നിംഗ്‌സ് നിശ്ചിത 40 ഓവറില്‍ 2012 റണ്‍സിന് അവസാനിച്ചു. ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ തുടര്‍ച്ചയായ ഏഴാം തോല്‍വിയാണിത്.