‘എഴുതിതള്ളാനായിട്ടില്ല’; ഋഷഭ് പന്തിന് പിന്തുണയുമായി സൗരവ് ഗാംഗുലി

ഋഷഭ് പന്തിന് എഴുതി തള്ളാനായിട്ടില്ല. അദ്ദേഹം മാച്ച് വിന്നറാകാന് കെല്പ്പുള്ള അപൂര്വ്വം താരങ്ങളിലൊരാളാണ്.
 | 
‘എഴുതിതള്ളാനായിട്ടില്ല’; ഋഷഭ് പന്തിന് പിന്തുണയുമായി സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: സമീപകാലത്ത് മോശം ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പിന്തുണയുമായി ഇതിഹാസം താരം സൗരവ് ഗാംഗുലി. പന്തിനെ ഒഴിവാക്കി മലയാളി താരം സഞ്ജു സാംസണിനെയോ ഇഷാന്‍ കിഷനെയോ ടീമിലെടുക്കണമെന്ന് സെലക്ടര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം തുടരുന്ന സാഹചര്യത്തിലാണ് താരത്തിന് പിന്തുണയുമായി ദാദ രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ള മുന്‍താരങ്ങള്‍ പന്തിനെതിരെ രംഗത്ത് വന്നിരുന്നു.

ഋഷഭ് പന്തിന് എഴുതി തള്ളാനായിട്ടില്ല. അദ്ദേഹം മാച്ച് വിന്നറാകാന്‍ കെല്‍പ്പുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ്. ലോകകപ്പില്‍ സെഞ്ചുറികള്‍ വാരിക്കൂട്ടിയ രോഹിത് ശര്‍മ്മയുടെ പ്രകടനം അസാധാരണമായിരുന്നു. പക്ഷേ നിര്‍ഭാഗ്യമെന്ന് പറയാം ഇന്ത്യ സെമിയില്‍ തോറ്റ് പുറത്തായി. ഭാവി താരങ്ങളെയും രോഹിതിനെപ്പോലെ എക്‌സ് ഫാക്ടറുകളായ താരങ്ങളെയും കുറിച്ച് സംസാരിക്കുമ്പോള്‍ പന്തിനെ മാറ്റിനിര്‍ത്താനാകില്ല. അക്കൂട്ടത്തില്‍പ്പെടുത്താവുന്ന ഒരു മാച്ച് വിന്ന പ്ലെയറാണ് ഋഷഭ് പന്ത്. ഗാംഗുലി പറഞ്ഞു.

അതേസമയം മോശം പ്രകടനം തുടരുന്ന ഋഷഭ് പന്തിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സെലക്ടര്‍മാര്‍ ആരംഭിച്ചതായിട്ടാണ് സൂചന. പന്തിന് പകരാക്കരനെ തേടുന്നതായി മുഖ്യസെലക്ടര്‍ എം.എസ്.കെ പ്രസാദ് കഴിഞ്ഞ ദിവസം സൂചനയും നല്‍കിയിരുന്നു. ടി20 ഫോര്‍മാറ്റില്‍ മികച്ച കളി പുറത്തെടുക്കുന്ന സഞ്ജു സാംസണും ഇഷാന്‍ കിഷനും പരിഗണനയില്‍ ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ദക്ഷിണാഫ്രിക്ക-എയ്ക്കെതിരെ സഞ്ജുവിന്റെ പ്രകടനം അദ്ദേഹം എടുത്തു പറയുകയും ചെയ്തു. അവസാന 9 ഇന്നിംഗ്സില്‍ ഒരു ഫിഫ്റ്റി മാത്രമാണ് പന്തിന് നേടാനായത്. ഇത് അദ്ദേഹത്തിന്റെ സ്ഥാനം പരുങ്ങലിലാക്കിയിരിക്കുകയാണ്.