നാലാം നമ്പറില്‍ ആളില്ലാതെ ഇന്ത്യ; ഇനി പരീക്ഷിക്കേണ്ടത് ഋഷഭ് പന്തിനെയെന്ന് ആരാധകര്‍

ഏകദിനങ്ങളില് ഒരിക്കല് പോലും പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത കെ.എല് രാഹുല്-രോഹിത് ശര്മ്മ ജോടികള് ഓപ്പണിംഗ് ബാറ്റിംഗിനിറങ്ങാന് നിര്ബന്ധിതരായി.
 | 
നാലാം നമ്പറില്‍ ആളില്ലാതെ ഇന്ത്യ; ഇനി പരീക്ഷിക്കേണ്ടത് ഋഷഭ് പന്തിനെയെന്ന് ആരാധകര്‍

ലണ്ടന്‍: ലോകകപ്പിന് ഇംഗ്ലണ്ടിലേക്ക് വിമാനം കയറുമ്പോള്‍ ഇന്ത്യയെ വലച്ചിരുന്നത് നാലാം നമ്പറില്‍ ആര് ബാറ്റിംഗിനിറങ്ങുമെന്നായിരുന്നു. എന്നാല്‍ സന്നാഹ മത്സരത്തില്‍ തന്നെ അതിനുത്തരം ലഭിച്ചു. കെ.എല്‍. രാഹുല്‍. നാലാം നമ്പറില്‍ ഓള്‍റൗണ്ടര്‍മാരെക്കാളും ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ അനിവാര്യമാണെന്ന് തെളിയിക്കുന്നതായിരുന്നു സന്നാഹ മത്സരത്തില്‍ രാഹുലിന്റെ സെഞ്ച്വറി. ലോകകപ്പിലെ ആദ്യ മത്സരങ്ങളിലും നിര്‍ണായക സാന്നിധ്യമാവാന്‍ രാഹുലിന് സാധിച്ചുവെന്നതാണ് മറ്റൊരു വസ്തുത.

എന്നാല്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യയുടെ ഗെയിം പ്ലാനിംഗില്‍ വലിയ മാറ്റം വന്നു. ഏകദിനങ്ങളില്‍ ഒരിക്കല്‍ പോലും പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത കെ.എല്‍ രാഹുല്‍-രോഹിത് ശര്‍മ്മ ജോടികള്‍ ഓപ്പണിംഗ് ബാറ്റിംഗിനിറങ്ങാന്‍ നിര്‍ബന്ധിതരായി. രാഹുല്‍ ഓപ്പണ്‍ ചെയ്ത രണ്ട് മത്സരങ്ങളിലും തരക്കേടില്ലാതെ കളിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ധവാനില്ലാത്ത ആശങ്ക മാറിയെങ്കിലും നാലാം നമ്പറില്‍ ഇന്ത്യ വീണ്ടും വെട്ടിലായി എന്ന് വേണം പറയാന്‍.

വിജയ് ശങ്കറാണ് നിലവില്‍ നാലാമതായി ക്രീസിലെത്തുന്നത്. എന്നാല്‍ വിജയുടെ പ്രകടനം അത്ര സ്ഥിരതയുള്ളതല്ല. അഫ്ഗാനിസ്ഥാന്‍ പോലുള്ള ചെറുമീനുകളോട് പോലും വിജയ്ക്ക് ശോഭിക്കാനായില്ലെന്നത് ചെറിയ കാര്യമല്ല. കാര്‍ത്തിക്കിനെയോ ഋഷഭ് പന്തിനെയോ ഈ ഘട്ടത്തില്‍ ഇന്ത്യ പരീക്ഷിക്കാന്‍ തയ്യാറാകണമെന്ന് ആരാധകരും ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഫിനിഷര്‍ റോളില്‍ ധോനിയുള്ളിടത്തോളം കാലം കാര്‍ത്തിക്കിനെ പരീക്ഷിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായേക്കില്ലെന്ന് ഉറപ്പാണ്.

കാര്‍ത്തിക്കില്ലെങ്കില്‍ നറുക്ക് ഋഷഭ് പന്തിനാണ്. 20-ട്വന്റി ശൈലിയില്‍ കളിക്കാന്‍ കഴിവുള്ള താരമാണ് ഋഷഭ്. ഡെത്ത് ഓവറുകളില്‍ ബൗളര്‍മാരുടെ അന്തകനാവാന്‍ പന്തിന് കഴിയും. ഹര്‍ദിക് പാണ്ഡ്യയും പന്തും അവസാന ഓവറുകളില്‍ ഒന്നിച്ചാല്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. വിന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യ വലിയ മാറ്റങ്ങളോടെയുള്ള ടീമിനെയായിരിക്കും കളിപ്പിക്കുകയെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന.