സ്പാനിഷ് കപ്പും കൈവിട്ട് ബാഴ്‌സലോണ; നിര്‍ഭാഗ്യം പിന്തുടരുന്ന ‘കാല്‍പന്തുകളിയിലെ മിശിഹ’

അന്താരാഷ്ട്ര ഫുട്ബോളിന് സമാനമായി മാറുകയാണ് ലയണല് മെസിയെന്ന ലോകം കണ്ട മികച്ച കളിക്കാരന്റെ ക്ലബ് ഫുട്ബോള് കരിയറും.
 | 
സ്പാനിഷ് കപ്പും കൈവിട്ട് ബാഴ്‌സലോണ; നിര്‍ഭാഗ്യം പിന്തുടരുന്ന ‘കാല്‍പന്തുകളിയിലെ മിശിഹ’

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗില്‍ അപ്രതീക്ഷിത പരാജയമായിരുന്നു ബാഴ്‌സലോണയുടേത്. ആദ്യ ലെഗില്‍ 3-0ത്തിന് ലിവര്‍പൂളിന് തകര്‍ത്തു. രണ്ടാം ലെഗില്‍ ആന്‍ഫീല്‍ഡില്‍ ചുവന്ന ചെകുത്താന്മാര്‍ മെസിപ്പടയെ (40) തകര്‍ത്തു. ചാമ്പ്യന്‍സ് ലീഗ് സ്വപ്നങ്ങള്‍ക്ക് ശേഷം ബാഴ്‌സലോണയുടെ സ്വപ്നം സ്പാനിഷ് കപ്പായിരുന്നു. ഇന്നലെ നടന്ന ഫൈനലില്‍ വലന്‍സിയയോട് 1-2ന് തോറ്റ് അതും കൈവിട്ടു. അന്താരാഷ്ട്ര ഫുട്‌ബോളിന് സമാനമായി മാറുകയാണ് ലയണല്‍ മെസിയെന്ന ലോകം കണ്ട മികച്ച കളിക്കാരന്റെ ക്ലബ് ഫുട്‌ബോള്‍ കരിയറും. മികച്ച കളിക്കാരനായിട്ടും സുപ്രധാന കപ്പുകളൊന്നും നേടാന്‍ മെസിയുടെ അര്‍ജന്റീനയ്ക്ക് കഴിഞ്ഞിട്ടില്ല.

പ്രൗഢിക്ക് അനുസരിച്ച പ്രകടനം കാഴ്ച്ചവെക്കാനാവാതെ നിഴല്‍ മാത്രമായി ബാഴ്‌സലോണയും മാറുന്നത് മെസിയുടെ കരിയറിന് കൂടി ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും സൃഷ്ടിക്കുക. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ എല്ലാ സൗന്ദര്യവും ഒത്തിണങ്ങിയ താരമാണ് മെസി. വ്യക്തിഗത പുരസ്‌കാരങ്ങള്‍ നിരവധിയുണ്ടെങ്കിലും അര്‍ജന്റീനയ്ക്കായ് നിര്‍ണായകമായ ഒരു കീരീടം പോലും നേടാന്‍ മെസിക്ക് കഴിഞ്ഞിട്ടില്ല. കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആരാധകരും നിരാശയിലാണ്.

സ്പാനിഷ് കപ്പിന്റെ ഫൈനലില്‍ ആറാം തവണയാണ് ബാഴ്‌സ തുടര്‍ച്ചയായി പന്ത് തട്ടുന്നത്. പരിചയ സമ്പന്നരായ കളിക്കാര്‍. പേരുകേട്ട പ്രതിരോധം. മുന്നേറ്റത്തില്‍ മിശിഹയും. എന്നാല്‍ ആദ്യ പകുതയില്‍ രണ്ട് തവണ ബാഴ്‌സയുടെ വല കുലുങ്ങി. എഴുപത്തിമൂന്നാം മിനുട്ടില്‍ മെസ്സിയാണ് ബാഴ്‌സയുടെ ആശ്വാസ ഗോള്‍ നേടിയത്. ഇനി കോപ്പ അമേരിക്കയില്‍ മിശിഹയെ ഭാഗ്യം തുണയ്ക്കുമോയെന്ന് കാത്തിരുന്ന് കാണാം.