നാണക്കേടിന്റെ റെക്കോര്‍ഡുമായി നായകന്‍ വിരാട് കോലി; തോല്‍വികളൊഴിയാതെ ബംഗളൂരു

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില് സീസണിലെ ആദ്യ മത്സരത്തില് ചെന്നൈ സൂപ്പര് കിംഗ്സിനോട് തോല്വിയോടെയാണ് ബംഗളൂരു തുടങ്ങിയത്.
 | 
നാണക്കേടിന്റെ റെക്കോര്‍ഡുമായി നായകന്‍ വിരാട് കോലി; തോല്‍വികളൊഴിയാതെ ബംഗളൂരു

ബംഗളൂരു: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് നാണക്കെട്ട തോല്‍വിയേറ്റ് വാങ്ങിയതിന് പിന്നാലെ നാണക്കേടിന്റെ റെക്കോര്‍ഡിന് അര്‍ഹനായി ബംഗളൂരു നായകന്‍ വിരാട് കോലി. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തോല്‍വികളില്‍ ഭാഗമായ താരമെന്ന റെക്കോര്‍ഡിനാണ് കോലി ഇപ്പോള്‍ അര്‍ഹനായിരിക്കുന്നത്. ഐപിഎല്‍ കരിയറില്‍ 86-ാമത്തെ തോല്‍വിയാണ് കഴിഞ്ഞ ദിവസം കോലി രുചിച്ചത്. കൊല്‍ക്കത്ത താരമായ റോബിന്‍ ഉത്തപ്പയുടെ പേരിലുണ്ടായിരുന്ന 85 തോല്‍വികളുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി.

81 തോല്‍വികളില്‍ ഭാഗമായ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് തോറ്റവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക്കിന്റെ പേരില്‍ 79 തോല്‍വികളുണ്ട്. ആദ്യ അഞ്ച് കളിയും തോറ്റ ഐപിഎല്ലിലെ ഏക ടീമെന്ന നാണക്കേടിലാണ് കോലിയും കൂട്ടരും. ഇനിയുള്ള മത്സരങ്ങളില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആരാധകരെ തൃപ്തിപ്പെടുത്തില്ലെന്നത് തീര്‍ച്ചയാണ്.

സോഷ്യല്‍ മീഡിയയിലും ആരാധകര്‍ രോഷപ്രകടനം നടത്തുന്നുണ്ട്. നന്നായി ബാറ്റ് ചെയ്തിട്ടും വിജയത്തിലെത്താന്‍ ബംഗളൂരുവിന് കഴിയാത്തതിന് മാനേജ്‌മെന്റ് ഉത്തരം പറയണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ഐ.പി.എല്ലില്‍ താരപ്രതിഭയും ലോകത്തിലെ തന്നെ മികച്ച ക്യാപ്റ്റന്‍സിയും ഉണ്ടായിട്ടും നിര്‍ഭാഗ്യം പിന്തുടരുന്ന ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. ഈ സീസണും മങ്ങിയാണ് ബംഗളൂരു തുടങ്ങിയത്.

സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് തോല്‍വി. രണ്ടാം മത്സരത്തില്‍ നിര്‍ഭാഗ്യത്തിന്റെ പിന്തുണയോടെ കോലിയെയും കൂട്ടരും മുംബൈയ്ക്ക് മുന്നില്‍ കീഴടങ്ങി. പിന്നീട് തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍. കോലി-ഡിവിലിയേഴ്‌സ് വെടിക്കെട്ട് കൂട്ടുകെട്ട് മാത്രം മതി ആര്‍.സി.ബിയുടെ വിജയങ്ങള്‍ ചുക്കാന്‍ പിടിക്കാന്‍. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റന്‍, എ.ബി ഡിവിലേഴ്സെന്ന വെടിക്കെട്ട് ബാറ്റ്സ്മാന്‍. യോഗേന്ദ്ര ചഹലും മോയീന്‍ അലിയും നയിക്കുന്ന സ്പിന്‍ ആക്രമണം, ടിം സൗത്തിയും മാര്‍ക്വസ് സ്റ്റോണിസും ഉമേഷ് യാദവും അടങ്ങുന്ന പേസ് അറ്റാക്ക് തുടങ്ങി എല്ലാ തലത്തിലും ആര്‍.സി.ബിക്ക് മുന്‍തൂക്കമുണ്ട്. എന്നാല്‍ സ്ഥിരതയുള്ള പ്രകടനം കാഴ്ച്ചവെക്കാന്‍ ഇവര്‍ക്കൊന്നും സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.