ദുല്‍ഖര്‍ സല്‍മാനെതിരെ ഏര്‍പ്പെടുത്തിയ വിലക്ക് ഫിയോക് പിന്‍വലിച്ചു

 | 
Dulquer Salman

ദുല്‍ഖര്‍ സല്‍മാന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണക്കമ്പനിയായ വേഫെയറര്‍ ഫിലിംസ് നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് സംഘടന വിലക്ക് പിന്‍വലിച്ചത്. പുതിയ ചിത്രമായ സല്യൂട്ട് ഒടിടി റിലീസിന് നല്‍കിയതിനെ തുടര്‍ന്നായിരുന്നു ദുല്‍ഖറിന് വിലക്കേര്‍പ്പെടുത്താന്‍ ഫിയോക് തീരുമാനിച്ചത്. 

സല്യൂട്ട് ഒടിടി റിലീസിന് നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണെന്നും കമ്പനിയുടെ തുടര്‍ന്നുള്ള ചിത്രങ്ങള്‍ തിയേറ്റര്‍ റിലീസ് ആയിരിക്കുമെന്നും വിശദീകരണത്തില്‍ വേഫെയറര്‍ വ്യക്തമാക്കി. തിയേറ്റര്‍ ഉടമകളുമായുള്ള വ്യവസ്ഥകളും ധാരണകളും ലംഘിച്ചാണ് സല്യൂട്ട് ഒടിടി റിലീസിന് നല്‍കിയതെന്നായിരുന്നു ഫിയോകിന്റെ ആരോപണം. 

ജനുവരി 14ന് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യാമെന്നായിരുന്നു കരാര്‍. ഇതനുസരിച്ച് പോസ്റ്ററുകള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. ഇത് ലംഘിച്ചുകൊണ്ട് സിനിമ ഒടിടിയില്‍ എത്തുകയായിരുന്നു. ബോബി-സഞ്ജയ് തിരക്കഥയെഴുതി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് സല്യൂട്ട്.